കഴിഞ്ഞ എത്രയോ വർഷങ്ങളായി മലയാളി സ്ഥിരം കാണുന്ന മുഖമാണ് ബൈജുവിന്റേത്. സഹനടനായും കൊമേഡിയനായുമൊക്കെ അദ്ദേഹം നമുക്കിടയിലുണ്ട്. ഇടയ്ക്കെപ്പെഴോ ഒരു ഇടവേളയും. എന്നാൽ, വ്യത്യസ്ത കഥാപാത്രങ്ങളുമായി വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ് അദ്ദേഹം. തന്റെ ജീവിതത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും മലയാള സിനിമയെ കുറിച്ചുമെല്ലാം ബൈജു സംസാരിക്കുന്നു.
'' ഞാൻ സിനിമയിൽ വന്നിട്ട് 36 വർഷമായി. ഇപ്പോഴാണ് കാമ്പുള്ള മികച്ച വേഷങ്ങൾ എന്നെത്തേടി വരുന്നത്. മുമ്പൊക്കെ ചെയ്തതെല്ലാം ഒരേ ടൈപ്പ് വേഷങ്ങളായിരുന്നു. എന്നിലെ നടനെ തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ കിട്ടുന്നതിൽ സന്തോഷമുണ്ട്. ""
ഇടവേളയ്ക്ക് ശേഷം
അവസരങ്ങൾ കുറഞ്ഞു വന്നപ്പോഴാണ് പുത്തൻ പണത്തിനു വേണ്ടി സംവിധായകൻ രഞ്ജിത് വിളിക്കുന്നത്. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് ഈ അടുത്ത കാലത്തിൽ ഞാൻ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതിലെ പ്രകടനം കണ്ടിട്ടാണ് പുത്തൻ പണത്തിലെ ന്യൂട്രൽ കുഞ്ഞപ്പനെ അവതരിപ്പിക്കാൻ രഞ്ജിത്ത് എന്നെ വിളിക്കുന്നത്. അവിടെ നിന്നാണ് മികച്ച കഥാപാത്രങ്ങളുടെ തുടക്കമെന്ന് പറയാം. സഖാവിൽ ഗംഭീര ഗെറ്റപ്പായിരുന്നു. മികച്ച വേഷമാണെന്ന അഭിപ്രായം എനിക്കില്ല. ഒരുപാട് സാദ്ധ്യതകളുള്ള കഥാപാത്രമായിരുന്നു ഗരുഡ കങ്കാണി. പക്ഷേ വേണ്ട രീതിയിൽ ആ കഥാപാത്രത്തെ സിനിമയിൽ ഉപയോഗിച്ചില്ല. പലർക്കും ആ കഥാപാത്രം കണ്ടിട്ട് ഞാനാണെന്ന് മനസിലായില്ല. ഒരുപാടുപേർ നല്ല അഭിപ്രായം പറഞ്ഞു.ഡബ്ബിംഗ് പോലും അന്നുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായിരുന്നു. മലയാളവും തമിഴും ഇടകലർന്ന ഭാഷ ഡബ്ബ് ചെയ്യാൻ അല്പം ബുദ്ധിമുട്ടി. തല മൊട്ടയടിക്കാനൊക്കെ ആദ്യം എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. മറ്റ് ഗെറ്റപ്പുകളിൽ വരുന്ന വേഷങ്ങൾ ചിലപ്പോൾ നഷ്ടമായേക്കാം. പിന്നെ എന്നെത്തേടിവന്ന ഒരു നല്ല കഥാപാത്രം നഷ്ടപ്പെടുത്തേണ്ടെന്ന് വിചാരിച്ചതുകൊണ്ടാണ് ആ കഥാപാത്രം സ്വീകരിച്ചത്.
സിനിമാ വഴി
എന്റെ പന്ത്രണ്ടാമത്തെ വയസിൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തിരുവനന്തപുരം വിദ്യാധിരാജ സ്കൂളിലാണ് ഞാൻ പഠിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ ഒന്നോ രണ്ടോ നാടകത്തിൽ അഭിനയിച്ച ഓർമ്മയാണ് അഭിനയത്തെക്കുറിച്ചു ആകെയുള്ളത്. അഭിനയത്തിന്റെയോ സിനിമയുടെയോ ഗൗരവം അറിഞ്ഞു വരുന്നതിനു മുൻപേ ഞാൻ സിനിമയിൽ സജീവമായി. സംവിധായകൻ പറയുന്നതു പോലെ ചെയ്യുമെന്നല്ലാതെ പ്രത്യേകിച്ചൊന്നും അപ്പോൾ ചിന്തിച്ചിരുന്നില്ല. അന്ന് തൊട്ടേ വളരെ വേഗത്തിലാണ് ഡയലോഗ് പറയുന്നത്. തിരുവനന്തപുരം എം.ജി കോളേജിലാണ് പ്രീഡിഗ്രിക്ക് പഠിച്ചത്. സിനിമയിൽ തിരക്കേറിയ സമയമായതുകൊണ്ടു തന്നെ ഡിഗ്രി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മൂന്നു നേരം സുഭിക്ഷമായി ആഹാരം കഴിക്കാനുള്ള വക വീട്ടിലും ഉണ്ടായിരുന്നു. തൊഴിൽ നേടുന്നതിന് വേണ്ടിയാണല്ലോ സാധാരണ എല്ലാവരും പഠിക്കുന്നത്. സിനിമയിൽ നിന്ന് അത്യാവശ്യം വരുമാനമൊക്കെ ലഭിച്ചു തുടങ്ങിയപ്പോൾ പിന്നെ പഠിക്കേണ്ടെന്നു ഞാനും കരുതി. കൂടുതൽ പഠിച്ചെന്തിനാ വെറുതേ തലപുകയ്ക്കുന്നത്.
സമയമാണ് പ്രധാനം
പരിചയസമ്പത്തും കഴിവും ഉണ്ടെന്നു പറഞ്ഞിട്ട് സിനിമയിൽ പ്രത്യേകിച്ച് വലിയ ഗുണമൊന്നുമില്ല. നമ്മുടെ സമയം തെളിഞ്ഞാൽ മാത്രമേ സിനിമയിൽ നല്ല വേഷങ്ങൾ ലഭിക്കുകയുള്ളൂ. അല്ലാതെ ഒരാൾക്കും ആരെയും സിനിമയിൽ സഹായിക്കാനൊന്നും കഴിയില്ല. എനിക്ക് അവസരങ്ങൾ കുറഞ്ഞുപോയതിനു ആരെയും കുറ്റംപറയുന്നില്ല. സിനിമാ ജീവിതത്തിൽ എനിക്ക് ആരോടും പരാതിയും പരിഭവവുമില്ല. അവനവന്റെ തലയിൽ വരച്ചിട്ടുണ്ടെങ്കിൽ അത് തട്ടുംപുറത്തിരുന്നാലും മുന്നിലേക്ക് വരുമെന്ന വിശ്വാസക്കാരനാണ് ഞാൻ.
മികവുറ്റ പുതുതലമുറ
പുതു തലമുറയിലുള്ള എല്ലാവരും ഒന്നിനൊന്നു മികച്ചു നിൽക്കുന്നവരാണ്. ആഷിക് അബു, അമൽ നീരദ്, സമീർതാഹിർ, എബ്രിഡ് ഷൈൻ , അൽഫോൺസ് പുത്രൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളെല്ലാം ഇഷ്ടമാണ്. ഇയ്യോബിന്റെ പുസ്തകം കണ്ടിട്ട് ഞാൻ അമൽ നീരദിനെ വിളിച്ച് എന്റെ അഭിനന്ദനം അറിയിച്ചു. ആ ചിത്രം കണ്ടാൽ അതൊരു മലയാളം സിനിമയാണെന്നേ തോന്നില്ല. അത്രയ്ക്ക് മനോഹരമായ ദൃശ്യവിരുന്നായിരുന്നു ചിത്രം.
സിനിമയിൽ എനിക്ക് വലിയ സൗഹൃദങ്ങളൊന്നുമില്ല. മാർക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ സിനിമയിൽ സൗഹൃദങ്ങൾക്ക് സ്ഥാനമുള്ളൂ. രാഷ്ട്രീയത്തിലൊക്കെ പിന്നെയും സൗഹൃദത്തിന് സ്ഥാനമുണ്ടെന്ന് പറയാം. സിനിമയിൽ ഒരു നടന്റെ നിലവിലെ അവസ്ഥ നോക്കിയിട്ടാണ് സൗഹൃദങ്ങൾ ഉണ്ടാകുന്നത്. ഒരു കല്യാണത്തിന് പോകുമ്പോൾ പോലും നടന്റെയോ നടിയുടെയോ മാർക്കറ്റ് പരിഗണിക്കും.എനിക്ക് ആകെയുള്ള ആത്മാർത്ഥ സുഹൃത്ത് കുട്ടേട്ടനാണ് ( വിജയ രാഘവൻ).എന്ത് പ്രശ്നം വന്നാലും അപ്പോൾ തന്നെ കുട്ടേട്ടനെ വിളിച്ചു കാര്യം പറയും.കൃത്യമായ പരിഹാരം അദ്ദേഹം നമുക്ക് പറഞ്ഞു തരും.
നായകനാകാതെയും തിളങ്ങാം
'മാട്ടുപ്പെട്ടി മച്ചാൻ" എന്ന ചിത്രം ഇറങ്ങിയപ്പോൾ എല്ലാവരും കരുതി ഞാൻ നായകനായി തിളങ്ങുമെന്ന്. പക്ഷേ എന്നെത്തേടി നായക കഥാപാത്രങ്ങളൊന്നും വന്നില്ല. ഞാൻ വിധിയിൽ വിശ്വസിക്കുന്ന ആളാണ്. എനിക്കതിനുള്ള യോഗമില്ലെന്ന് കരുതുന്നു. എല്ലാം ചില നിമിത്തങ്ങളാണ്. 'കല്യാണ ഉണ്ണികൾ" എന്ന ചിത്രമാണ് ഞാൻ നായക തുല്യവേഷം ചെയ്ത ഒരേ ഒരു ചിത്രം. ജഗതിച്ചേട്ടനാണ് ചിത്രം സംവിധാനം ചെയ്തത്. 1990 ൽ ചിത്രീകരിച്ച സിനിമ ഇറങ്ങിയത് 1997 ലാണ്. വൈകി റിലീസായതുകൊണ്ടു തന്നെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടാതെ പോയി. നായകനാകാൻ കഴിയാത്തതുകൊണ്ട് എനിക്ക് അല്പം പോലും വിഷമമില്ല. നായകനാകുന്നതിലുപരി എല്ലാ സിനിമകളിലും അഭിനയിച്ച് ഇതുപോലെ എപ്പോഴും ലൈം ലൈറ്റിൽ നിൽക്കാനാണ് എന്റെ ആഗ്രഹം. ഞാൻ അഭിനയിച്ച പത്തിൽ കൂടുതൽ സിനിമകൾ ആണ് റിലീസാകാൻ ഉള്ളത്.
അവഗണനയിൽ വിഷമിക്കില്ല
സിനിമയിൽ എന്നെ ആരും വേദനിപ്പിച്ചതായി ഓർക്കുന്നില്ല. പല സ്ഥലങ്ങളിലും ഞാൻ കടുത്ത അവഗണനയ്ക്ക് പാത്രമായിട്ടുണ്ട്. ഒളിഞ്ഞു നിന്നാണ് നമ്മളെ പലരും അവഗണിച്ചിട്ടുള്ളത്. ഒരു സിനിമ റിലീസാകുമ്പോൾ അതിന്റെ പോസ്റ്ററിൽ എന്റെ ഫോട്ടോ മാത്രം കൊടുക്കില്ല. പ്രധാനപ്പെട്ട വേഷം ചെയ്ത ചിത്രങ്ങളിൽപ്പോലും. പേരെഴുതി കാണിക്കുമ്പോൾ ഏറ്റവും പ്രാധാന്യം കുറഞ്ഞ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിലായിരിക്കും എന്റെ പേര്. ആരെല്ലാമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് അറിയാം. വളരെ പുച്ഛത്തോടെയാണ് ഞാൻ ഇപ്പോൾ അതിനെയെല്ലാം കാണുന്നത്. സമയം വരുമ്പോൾ അതിനു പകരം കൊടുക്കാൻ എനിക്കറിയാം. ആരെയും വേദനിപ്പിക്കാതെ നേരെ വാ നേരെ പോ എന്ന നിലപാടാണ് എനിക്കുള്ളത്. ആരെയും ഇന്ന് വരെ സിനിമയിൽ അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല.
അത്യാഗ്രഹങ്ങളൊന്നുമില്ല
ജനങ്ങൾക്കെല്ലാം എന്നെ വലിയ ഇഷ്ടമാണെന്നാണ് വിശ്വാസം. എവിടെവച്ചു കണ്ടാലും ഓടി അടുത്ത് വന്ന് സുഖ വിവരങ്ങൾ തിരക്കാറുണ്ട്. ജീവിതം ഇങ്ങനെയൊക്കെ അങ്ങ് പോയാൽ മതിയെന്ന ആഗ്രഹക്കാരനാണ്. ഉച്ചവരെ കിടന്നു ഉറങ്ങുന്നതാണ് പ്രധാന പരിപാടി. വൈകുന്നേരമാകുമ്പോൾ ഷട്ടിൽ കളിക്കാൻ പോകും. കളി കഴിഞ്ഞാൽ ഉടൻ ട്രിവാൻഡ്രം ക്ലബിൽ പോയി സമയം ചെലവിടും. പണം ഉണ്ടാക്കണമെന്നോ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കണമെന്നോ ആഗ്രഹമില്ല.