തിരുവനന്തപുരം: ചില സിനിമാ ഡയലോഗുകൾ ഇപ്പോൾ കേരളത്തിലെ ബി.ജെ.പിക്കാർക്കിടയിൽ പ്രചരിച്ചു തുടങ്ങി കഴിഞ്ഞു. നടൻ മോഹൻലാലിനെ എതു വിധേനയും സ്വന്തം പാളയത്തിലെത്തിച്ച് വിജയം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയുടെ കേരളത്തിലെ നേതാക്കൾ. ഇതിനോടകം തന്നെ ഇതുമായി ബന്ധപ്പെട്ട് വിവിധകോണുകളിൽ നിന്നായി പലവാർത്തകളും പുറത്തു വന്നുകഴിഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾ മോഹൻലാലിനെ സമീപിച്ചു കഴിഞ്ഞെന്ന് മുതിർന്ന നേതാവ് ഒ.രാജഗോപാൽ വ്യക്തമാക്കിയതോടെയാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചത്.
മത്സരിക്കാൻ തയ്യാറാണെങ്കിൽ കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിലെയും പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാൻ ഒരുക്കമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മോഹൻലാൽ മത്സരിക്കുന്നതിനോട് കടുത്ത എതിർപ്പാണ് അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷനുകൾ മുന്നോട്ടു വച്ചിരിക്കുന്നത്. മോഹൻലാൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കെട്ടിത്തൂക്കി ഇറക്കിയ സ്ഥാനാർത്ഥിയായേ ജനങ്ങൾ കാണൂവെന്നായിരുന്നു ലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിമൽ കുമാറിന്റെ പ്രതികരണം. മോഹൻലാലിനെ മത്സരിപ്പിക്കാൻ ശ്രമിച്ചാൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വിമൽ കുമാർ വ്യക്തമാക്കി.
മോഹൻലാലിന് രാഷ്ട്രീയ നിലപാടുകളുണ്ടാകാം. എന്നാൽ അദ്ദേഹത്തിന് സിനിമയിൽ തുടരാനാണ് താത്പര്യമെന്നായിരുന്നു ലാലിന്റെ അടുത്ത സുഹൃത്തും നിർമ്മാതാവുമായ സുരേഷ് കുമാറിന്റെ പ്രതികരണം. സിനിമയാണ് അദ്ദേഹത്തിന് എല്ലാം. അദ്ദേഹം സിനിമാ അഭിനയം തുടർന്നുകൊണ്ട് പോകുന്നതാണ് നല്ലതെന്നും സുരേഷ് കുമാർ പറഞ്ഞു.
എന്തായാലും സൂപ്പർതാരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുയാണ് രാഷ്‌ട്രീയ കേരളവും ആരാധകരും.