ravi-pujari

തിരുവനന്തപുരം: കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിൽ കേരള പൊലീസ് ഇന്റർപോളിന് കത്ത് നൽകി. വിദേശത്ത് അറസ്റ്റിലായ മുംബയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ര​വി പൂ​ജാ​രി സെ​ന​ഗ​ളി​ൽ പി​ടി​യി​ലാ​യെന്ന് വാർത്തകൾ വന്നിരുന്നു. ഇത്തരം വാർത്തകൾ ശരിയാണോയെന്ന് സ്ഥിരീകരിക്കണമെന്നാണ്​ പൊലീസി​ന്റെ ആവശ്യം. ഇത്​ രണ്ടാം തവണയാണ്​ ബ്യൂട്ടിപാർലർ കേസിൽ പൊലീസ്​ ഇന്റർപോളിന്​ കത്തയക്കുന്നത്​. രവി പൂജാരിയെ അറസ്​റ്റ്​ ചെയ്​തോ എന്ന്​ വ്യക്​തമാക്കണമെന്നാണ് കത്തിൽ​ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊച്ചിയിൽ ലീന മരിയ പോളി​ന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിലെ വെടിവയ്പ്പ്​ കേസുമായി ബന്ധപ്പെട്ട്​ രവിപൂജാരയെ കഴിഞ്ഞ ദിവസം പ്രതിചേർത്തിരുന്നു. കേസിൽ രവി പൂജാരിക്കെതിരെ ലീന മൊഴി നൽകിയിരുന്നു. ബ്യൂട്ടിപാർലർ വെടിവയ്‌പിനു പുറമെ കാസർകോട്ടെ ചില വെടിവയ്‌പ് കേസുകളിലും പൂജാരിയെയാണ് സംശയിക്കുന്നത്. എന്നാൽ, ഇയാൾക്കെതിരെ കേരളത്തിൽ കേസുകളില്ലെന്നാണ് സൂചന. കാസർകോട്ട് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരൻ മുഹമ്മദ്കുഞ്ഞി ഹാജിയുടെ വീടിനുനേർക്ക് രണ്ടുവട്ടം വെടിവയ്‌പ് നടത്തിയത് പൂജാരിയുടെ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.