cpim-to-hold-massive-meet

കൊൽക്കത്ത: പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ വൻ പ്രതിപക്ഷ റാലി സംഘടിപ്പിച്ചതിന് പിന്നാലെ അതേവേദിയിൽ കരുത്ത് തെളിയിക്കാൻ ഇടതുപക്ഷവും ഒരുങ്ങുന്നു. മേയിൽ നടക്കുമെന്ന് കരുതുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്ക് തുടക്കമിട്ട് കൊണ്ടുള്ളതാകും ഇന്ന് നടക്കുന്ന റാലി. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല മുൻ യൂണിയൻ ചെയർമാൻ കനയ്യ കുമാർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ഇതിന് പുറമെ സംസ്ഥാനത്തുള്ള ലക്ഷക്കണക്കിന് ഇടതുപക്ഷ പ്രവർത്തകരും ചടങ്ങിനെത്തുമെന്ന് സംഘാടകർ അവകാശപ്പെട്ടു.

പീപ്പിൾസ് ബ്രിഗേഡ‌് എന്ന പേരിൽ നടത്തപ്പെടുന്ന പരിപാടിയുടെ വിജയത്തിനായി ഇടതുസംഘടനാ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം നടത്തിയിരുന്നു. ഇതിന് പുറമെ വലിയ രീതിയിലുള്ള മറ്റ് പ്രചാരണങ്ങളും നടന്നു. അതേസമയം, മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ചടങ്ങിനെത്തണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ അനാരോഗ്യത്തെ തുടർന്ന് അദ്ദേഹം ചടങ്ങിൽ എത്തിയേക്കില്ലെന്നാണ് സൂചന. പകരം അദ്ദേഹത്തിന്റെ എഴുതിത്തയ്യാറാക്കിയ സന്ദേശമാകും ചടങ്ങിൽ വായിക്കുക.

കേരളത്തിൽ മാത്രമാണ് അധികാരത്തിൽ ഉള്ളതെങ്കിലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മിന്നും പ്രകടനം കാഴ്‌ച വച്ച് ത്രിപുരയിലും പശ്ചിമ ബംഗാളിലും ഭരണം തിരികെ പിടിക്കാനാണ് സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണി ശ്രമിക്കുന്നത്. ഒപ്പം കേന്ദ്രത്തിൽ സ്വാധീനം ചെലുത്തണമെന്നും മുന്നണി ആഗ്രഹിക്കുന്നു. എന്നാൽ ഇതത്ര എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 25 വർഷത്തെ ഭരണത്തിന് വിരാമമിട്ട് കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ മാണിക് സർക്കാരിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് വൻ തിരിച്ചടി നേരിട്ടിരുന്നു.