ദുബായ്: അബുദാബിയിൽ യു.എ.ഇ സർക്കാരിന്റെ പങ്കാളിത്തത്തോടെ നിർമിക്കുന്ന ഹിന്ദു ക്ഷേത്രത്തിലെ വാഹന പാർക്കിംഗിന് വേണ്ടി 13 ഏക്കർ സ്ഥലം അധികം അനുവദിച്ചു. ക്ഷേത്രത്തിന്റെ നിർമാണച്ചുമതലയുള്ള പൂജ്യ ബ്രഹ്മവിഹാരിദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ ക്ഷേത്ര നിർമാണത്തിനിടെ സാധനങ്ങൾ സൂക്ഷിക്കുന്നതിനും മറ്റും 10 ഏക്കർ സ്ഥലം കൂടി യു.എ.ഇ ഭരണകൂടം നൽകിയിട്ടുണ്ട്. അബുദാബി ഭരണാധികാരി ഷെയ്‌ക് മുഹമ്മദ് ബിൻ സെയിദ് അൽ നഹ്‌യാൻ സൗജന്യമായി ദാനം ചെയ്‌ത 13.5 ഏക്കർ സ്ഥലത്താണ് ഇപ്പോൾ ക്ഷേത്ര നിർമാണം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ചത്.
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...
55,000 സ്‌ക്വയർ ഫീറ്റ് ചുറ്റളവിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ ഹിന്ദു മതവിശ്വാസികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും പ്രവേശനം അനുവദിക്കും.
ഹിന്ദുമത ആചാരങ്ങൾ അനുസരിച്ച് മദ്ധ്യേഷ്യയിൽ നിർമിക്കുന്ന ആദ്യ ക്ഷേത്രം കൂടിയാണിത്.
ഇന്ത്യയിലെ ശിൽപ്പികൾ കൈകൊണ്ട് നിർമിച്ച ക്ഷേത്രത്തിലെ ഭാഗങ്ങൾ യു.എ.ഇയിലെത്തി കൂട്ടിയോജിപ്പിക്കും
ബോചസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്‌ത (ബാപ്‌സ്)യുടെ മേൽനോട്ടത്തിൽ നിർമിക്കുന്ന ക്ഷേത്രം 2020ഓടെ പൂർത്തിയാകും.
അബുദാബിയിലെ അൽ റഹ്ബയിൽ നിർമിക്കുന്ന ക്ഷേത്രത്തിന് വേണ്ടി ചിലവാകുന്ന മുഴുവൻ തുകയും വഹിക്കുന്നത് അബുദാബി സർക്കാരാണ്.
അബുദാബി സിറ്റിയിൽ നിന്നും 30 മിനിറ്റ് ദൂരത്തിൽ, ദുബായ് - അബുദാബി ഷെയ്‌ക് സായിദ് റോഡിന് സമീപത്താണ് ക്ഷേത്രം നിർമിക്കാൻ സ്ഥലം അനുവദിച്ചിരിക്കുന്നത്.
എല്ലാ മതവിഭാഗങ്ങളെയും സംസ്കാരങ്ങളെയും സ്വീകരിക്കാനുള്ള യു.എ.ഇ സർക്കാറിന്റെ നയത്തിന്റെ ഭാഗമായാണ് അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവസൈന്യാധിപനുമായ ഷെയ്‌ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്.
നിലവിൽ അബുദാബിയിൽ ഹിന്ദു ദേവാലയങ്ങളില്ല. എന്നാൽ അബുദാബിയിലെ അയൽ എമിറേറ്റായ ദുബായിൽ രണ്ട് ഹിന്ദു ക്ഷേത്രങ്ങളും ഒരു സിഖ് ഗുരുദ്വാരയുമുണ്ട്.
സാംസ്കാരിക, ആത്മീയ പരിപാടികൾക്കായി പ്രത്യേക സമുച്ചയങ്ങൾ ഉൾപ്പെട്ട ക്ഷേത്രത്തിനുള്ളിൽ സന്ദർശകകേന്ദ്രം, പ്രദർശന ഹാളുകൾ, പഠനമേഖലകൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള കായിക കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, ജലാശയങ്ങൾ, ഭക്ഷണശാലകൾ, ഗ്രന്ഥശാല തുടങ്ങിയവയുമുണ്ടാകും
ക്ഷേത്രത്തിനുള്ളിൽ കൃഷ്‌ണൻ, ശിവൻ, അയ്യപ്പൻ തുടങ്ങിയ ദൈവങ്ങളുടെ വിഗ്രഹങ്ങൾ പ്രതിഷ്‌ഠിക്കും