uma-menon

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് അതിഥിയായി മലയാളി വിദ്യാർത്ഥിനിയും. തൃശൂർ സ്വദേശികളായ രാംകുമാർ മേനോന്റെയും ഷൈലജ അലാട്ടിന്റെയും മകളായ ഉമ മേനോനാണ് മലയാളത്തിന്റെ അഭിമാനം ഉയർത്തിപിടിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റിന്റെ നയപ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക. വർഷാരംഭത്തിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് നയപ്രഖ്യാപന പ്രസംഗം നടത്തുന്ന പതിവുണ്ട്. ഫെബ്രുവരി അഞ്ച് ചൊവ്വാഴ്ച വാഷിംഗ്ടണിൽ ട്രംപ് നടത്തുന്ന സ്റ്റേറ്റ് ഒഫ് ദി യൂണിയൻ പ്രസംഗത്തിനാണ് ഉമയ്‌ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം സ്റ്റെഫാനി മർഫി രാജ്യവ്യാപകമായി സംഘടിപ്പിച്ച ലേഖനമത്സരത്തിൽ വിജയിച്ചാണ് 15 കാരിയായ, ഈ കൊച്ചുമിടുക്കി പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് അതിഥിയാവുന്നത്. രാഷ്‌ട്രീയത്തിൽ ഏറെ തൽപരയായ ഉമയ്‌ക്ക് അതിൽ ഉറച്ചു നിൽക്കാൻ തന്നെയാണ് ആഗ്രഹം. ഇന്ത്യൻ വംശജയും കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററുമായ കമലാ ഹാരിസ് 2020-ൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാവുന്ന പക്ഷം അവർക്കായി പ്രചരണരംഗത്ത് സജീവമാകാനും ഉമയ്‌ക്ക് ലക്ഷ്യമുണ്ട്.


വാഷിംഗ്ടണിൽ പ്രസിഡന്റിന്റെ നയപ്രഖ്യാപനം കേൾക്കുന്നതിനൊപ്പം പാർലമെന്റിലെ ഭൂരിഭാഗം അംഗങ്ങളെയും തന്നെപ്പോലുള്ള വിദ്യാർത്ഥി-യുവജന നേതാക്കളുമായി കൂടുതൽ അടുപ്പിക്കാൻ ശ്രമിക്കുമെന്ന് ഉമ പറഞ്ഞു. ഫ്ളോറിഡയിൽ ബിസിനസ് സംരംഭകരാണ് ഉമയുടെ മാതാപിതാക്കളായ രാംകുമാറും ഷൈലജയും. ഉമയ്ക്ക് ലഭിച്ച അത്യപൂർവ്വ അവസരത്തിൽ നാട്ടിലെ ബന്ധുക്കളും സന്തോഷത്തിലാണ്.