endosulfan-strike
എൻഡോസൾഫാൻ ദുരിത ബാധിതരായ അമ്മമാർ സെക്രട്ടേറിയറ്റിനു മന്നിൽ നടത്തുന്ന പട്ടണി സമരം

തിരുവനന്തപുരം: വിദഗ്ദ്ധ സമിതി കണ്ടെത്തിയ എല്ലാവരെയും എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയാണ് സമരക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. നേരത്തെ നടന്ന ചർച്ചയിൽ ഇതേ ആവശ്യം സർക്കാർ തള്ളിയതിനെ തുടർന്ന് സമരക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇന്ന് സങ്കട ജാഥ നടത്തി. ഇതിന് പിന്നാലെ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സമരക്കാരുമായി ചർച്ച നടത്തുകയായിരുന്നു. നേരത്തെ വൈദ്യപരിശോധനയിൽ കണ്ടെത്തിയ 1905 പേരെയും എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പഞ്ചായത്തിന്റെ അതിർത്തി നോക്കാതെ തന്നെ ദുരന്ത ബാധിതരായ എല്ലാവർക്കും ആനുകൂല്യം നൽകാൻ ചർച്ചയിൽ തീരുമാനമായി. ഇതോടെ ദുരിത ബാധിതരുടെ പട്ടികയിൽ കൂടുതൽ പെരെ ഉൾപ്പെടുത്താനാകും. 2017ലെ പരിശോധന അനുസരിച്ച് 18 വയസ് തികഞ്ഞവരെ ഉടൻ തന്നെ പട്ടികയിൽ ഉൾപ്പെടുത്തും. ബാക്കിയുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്താൻ ജില്ലാ കളക്‌ടർ ഉൾപ്പെടുന്ന വിദഗ്‌ദ്ധ സമിതിയെ നിയമിക്കും. ദുരിത ബാധിത മേഖലകളിൽ വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്താനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ചർച്ചയിൽ തീരുമാനമായി.

എൻഡോസൾഫാൻ ദുരിതബാധിതരായ അമ്മമാർ ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അഞ്ച് ദിവസമായി സമരത്തിലായിരുന്നു. നീതിക്കായി തെരുവോരങ്ങളിൽ പട്ടിണി കിടക്കേണ്ടിവരുന്ന ഇവരുടെ ആവശ്യങ്ങൾ ന്യായമാണെന്ന ഓർമ്മപ്പെടുത്തലുമായി സാഹിത്യകാരന്മാരായ എം.മുകുന്ദൻ, സാറാ ജോസഫ്, കല്പറ്റ നാരായണൻ, സുനിൽ പി.ഇളയിടം, മധുപാൽ, എൻഡോസൾഫാൻ ദുരിതം ഏറെ ബാധിച്ച കാസർഗോട്ടെ 'എൻമകജെ" പഞ്ചായത്തിനെക്കുറിച്ച് നോവലെഴുതിയ അംബികാസുതൻ മങ്ങാട് തുടങ്ങിയവർ സമരപ്പന്തലിലെത്തിയിരുന്നു. 11 പഞ്ചായത്തുകളിൽ മാത്രമേ എൻഡോസൾഫാൻ തളിച്ചുള്ളൂവെന്നും അവിടെ മാത്രമേ രോഗബാധിതരുണ്ടാകൂ എന്നുമുള്ള നിലപാട് മാറ്റണമെന്നും മടിക്കൈ പോലുള്ള പഞ്ചായത്തുകളിൽ രോഗബാധിതരുണ്ടെന്നത് വിസ്മരിക്കരുതെന്നും ഇവർ പറയുന്നു.

ആകാശത്ത് തളിച്ച കീടനാശിനി

പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ വിള നശിപ്പിക്കാനെത്തുന്ന തേയിലക്കൊതുകുകളെ അകറ്റാനായി ആകാശത്ത് തളിച്ച കീടനാശിനിയാണ് ഇവരുടെ ജീവിതത്തെ തീരാദുരിതത്തിലാഴ്ത്തിയത്. വിഷമഴപോലെ പെയ്തിറങ്ങി പുഴയിലൂടെയും കാറ്റിലൂടെയും മണ്ണിലൂടെയും പടർന്ന കീടനാശിനിയാണ് പിന്നീട് പല വൈകല്യങ്ങളോടും കൂടിയ കുട്ടികൾ പിറക്കാൻ കാരണമായതെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു