ടോക്കിയോ: ജപ്പാനിൽ അപൂർവ്വ ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെ തുടർന്ന് വരാനിരിക്കുന്നത് ലോകാവസാനമെന്ന് വ്യാപക പ്രചരണം. കഴിഞ്ഞ ദിവസങ്ങളിൽ ‘ഓർഫിഷ്’ എന്ന മത്സ്യത്തെ കടൽകരയിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഓർഫിഷ് ദുസൂചന നൽകുന്ന നിമിത്തമെന്നാണ് ജാപ്പനീസ് വിശ്വാസവും നാടോടി കഥകളും പറയുന്നത്. ടോയാമയിലെ ഇമിസു കടൽതീരത്താണ് ആദ്യം നാല് മീറ്റർ നീളമുളള ഓർഫിഷിനെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് ലോകവാസാനത്തിന്റെ സൂചനയെന്ന രീതിയിൽ പ്രചരണം ആരംഭിച്ചത്.
‘കടൽ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതൻ’ എന്ന് ജപ്പാൻകാർ വിശ്വസിക്കുന്ന ഓർഫിഷ് കടലിന്റെ 3000ത്തിൽ കൂടുതലടി താഴ്ച്ചയിലാണ് ജീവിക്കുന്നത്. ഈ മീനുകളെ കാണുകയാണെങ്കിൽ സുനാമിയോ ഭൂമികുലുക്കമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാനിലെ ജനങ്ങൾ വിശ്വസിക്കുന്നു. തൊഹോക്കുവിൽ 2011 ൽ ഭൂമിക്കുലുക്കം ഉണ്ടാകുന്നതിന് മുൻപ് ഈ മീനുകൾ ചത്തുപൊങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
റിക്ടർ സ്കെയിലിൽ ഒൻപത് രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അത്. ഈ ഭൂമികുലുക്കം പിന്നീട് 19000 പേരുടെ മരണത്തിന് ഇടയാക്കിയ സുനാമിയിലേക്കും നയിച്ചിരുന്നു. ഭുമിയിലുണ്ടാകുന്ന മാറ്റങ്ങൾ മൃഗങ്ങൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ മൃഗങ്ങൾ പരിഭ്രാന്തി കാണിച്ചതിന് പിന്നാലെ പലയിടങ്ങളിലും ഭൂമികുലുക്കം ഉണ്ടായിട്ടുണ്ടെന്ന് അന്തർ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.