akshay-baburaj

കൊച്ചി:കൈകാണിച്ചിട്ടും നിറുത്താതെ ആഡംബര കാറിൽ അമിത വേഗതയിൽ പാഞ്ഞ താരപുത്രനെ കൈയോടെ പിടികൂടി കേരള പൊലീസ്. നടൻ ബാബുരാജിന്റെ മകൻ അക്ഷയിനെയാണ് പൊലീസ് പിടികൂടിയത്. അടിമാലി പത്താംമൈലിൽ കൈകാണിച്ചിട്ടും കാർ നിർത്താത്തതിൽ സംശയം തോന്നിയാണ് ടൗണിൽ വച്ച് പൊലീസ് കാർ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കക്ഷി ബാബുരാജിന്റെ മകനാണെന്ന് മനസിലാവുകയായിരുന്നു.

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ അമിത വേഗതയിലെത്തിയ ആഡംബര കാർ പൊലീസിന്‌ടെ പരിശോധക സംഘമാണ് ആദ്യം പത്താം മൈലിൽ തടഞ്ഞത്. കൈകാണിച്ച് നിറുത്താനാവശ്യപ്പെട്ടിട്ടും വകവയ്‌ക്കാതെ പാഞ്ഞ കാറിനെക്കുറിച്ചുളള വിവരങ്ങൾ ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചു. വാഹനവുമായി ബന്ധപ്പെട്ട് നിഗൂഡത തോന്നിയ സ്റ്റേഷനിലെ പൊലീസുകാർ സെന്ട്രൽ ജംഗ്ഷനിൽ കാർ വരുന്നതും കാത്ത് നിലയുറപ്പിച്ചു. വിവരമറിഞ്ഞതോടെ നാട്ടുകാരും യാത്രക്കാരുമുൾപ്പടെ തടിച്ചുകൂടി. തുടർന്ന് അര മണിക്കൂർ കഴിഞ്ഞെത്തിയ വാഹനം പിടികൂടി സ്റ്റേഷനിലെത്തിച്ചു. വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് വാഹനമോടിച്ച യുവാവ് നടൻ ബാബുരാജിന്റെ മകൻ അക്ഷയ് ആണെന്ന് അറിയിച്ചത്.

പത്താം മൈലിൽ പൊലീസ് കൈകാണിച്ചത് കണ്ടില്ലെന്നാണ് നിറുത്താത്തതിനു കാരണമായ് അക്ഷയ് പറഞ്ഞത്. തുടർന്ന് വാഹനം പരിശേധിച്ചെങ്കിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ അമിതവഗതയ്‌ക്ക് താരപുത്രനെ കൊണ്ട് 500 രൂപ പിഴയടപ്പിച്ച് വിടുകയായിരുന്നു.