കോഴിക്കോട്: ശബരിമല ദർശനം നടത്തിയ കനക ദുർഗയ്‌ക്ക് ഊമക്കത്ത് വഴി വധഭീഷണി. കനക ദുർഗ താമസിക്കുന്ന സംരക്ഷണ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റർക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. തിരഞ്ഞെടുപ്പ് കഴിയും വരെ കനക ദുർഗയ്‌ക്കും ബിന്ദുവിനും എവിടെയും ഇരിക്കാം. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിധി നടപ്പാക്കുമെന്നും കത്തിൽ പറയുന്നു. കത്ത് ലഭിച്ചതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകി. ഇതു സംബന്ധിച്ച് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കൈപ്പടയിലെഴുതിയ കത്ത് പെരിന്തൽമണ്ണയിൽ നിന്നാണ് പോസ്റ്റ് ചെയ്‌തതെന്ന് പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ജനുവരി രണ്ടിനാണ് കനക ദുർഗയും ബിന്ദു അമ്മിണിയും ശബരിമലയിൽ ദർശനം നടത്തിയത്. പിന്നീട് ഇവർ രഹസ്യകേന്ദ്രങ്ങളിലായിരുന്നു താമസിച്ചിരുന്നത്. ആനമങ്ങാട് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ ജോലിചെയ്യുന്ന കനക ദുർഗ ലീവ് അവസാനിച്ചതിനെത്തുടർന്ന് ഭർതൃവീട്ടിൽ തിരിച്ചെത്തിയപ്പോൾ ബന്ധുക്കൾ തടയുകയും മർദ്ദിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് വീട്ടിൽ പ്രവേശിപ്പിക്കാതെ വന്നതോടെയാണ് ഇവരെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്. സുപ്രീംകോടതി നിർദേശപ്രകാരം കനകദുർഗയ്‌ക്ക് ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.