nedumangadu-police-statio

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നടത്തിയ ഹർത്താൽ ദിവസം നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് നേരെ ബോംബാക്രമണം നടത്തിയ പ്രതി ആർ.എസ്.എസ് ജില്ലാ പ്രചാരക് പ്രവീണിനെക്കുറിച്ചുള്ള വിവരം സ്വന്തം പാർട്ടിക്കാർ തന്നെ നൽകിയതാണെന്ന് പൊലീസ്. പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിന് ശേഷം സ്വന്തം സ്ഥലമായ ആലപ്പുഴയിലെത്തിയ പ്രവീൺ ഇവിടെ നിന്നും പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയിരുന്നു. ഇതിനിടയിൽ കേസിലെ മുഖ്യപ്രതി പ്രവൺ തന്നെയാണെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. എന്നാൽ പ്രവീണിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.

തുടർന്ന് ബി.ജെ.പി ആർ.എസ്.എസ് പ്രാദേശിക നേതാക്കന്മാരെ കസ്‌റ്റഡിയിലെടുത്ത പൊലീസ് പ്രവീണിനെ കീഴടങ്ങാൻ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. പ്രവീണിന്റെ സഹോദരൻ ഉൾപ്പെടെയുള്ളവരെ ഇയാളെ ഒളിവിൽ താമസിക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് പൊലീസ് പിടികൂടുകയും ചെയ്‌തു. ഇതിനെതിരെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നൂറനാട് സ്വദേശി ഗോപിനാഥൻ നായർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി സ്വീകരിക്കാൻ കോടതി തയ്യാറായില്ല. പ്രതി ഇവരുടെ വീട്ടിൽ താമസിച്ചിരുന്നതായി സൂചന ലഭിച്ചതനുസരിച്ച് നൂറനാട് പൊലീസ് പകൽ വീട്ടിലെത്തി പരിശോധിച്ചിരുന്നെന്നും ഇതുവരെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിയമപരമായി അന്വേഷണം തുടരാനും ഹർജിക്കാരോട് അന്വേഷണവുമായി സഹകരിക്കാനും വ്യക്തമാക്കി ഡിവിഷൻ ബെഞ്ച് ഹർജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രവീൺ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെത്തുമെന്ന വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. മഫ്‌തിയിലും യൂണിഫോമിലുമായി അമ്പതോളം പൊലീസുകാരുടെ സംഘമാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, പ്രവീൺ പൊലീസിൽ കീഴടങ്ങിയതാണെന്നും വിവരമുണ്ട്. പ്രവീൺ സ്‌റ്റേഷനിലെത്തുന്ന വിവരം പൊലീസിനെ അറിയിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് സൂചന.