mallika-sukumaran

ഒരു സമ്പൂർണതാരകുടുംബം തന്നെയാണ് നടൻ പൃഥ്വിരാജിന്റെത്. അച്ഛൻ സുകുമാരൻ ഒരുസമയത്ത് മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു. അമ്മ മല്ലികാ സുകുമാരനും മികച്ച അഭിനേത്രികളുടെ പട്ടികയിൽ മുന്നിൽ തന്നെയാണ്. യുവതാരത്തിൽ നിന്ന് സൂപ്പർസ്‌റ്റാർ പദവിയിലേക്കുള്ള പൃഥ്വിയുടെ യാത്രയിൽ ഒപ്പം സഞ്ചരിക്കാൻ ചേട്ടൻ ഇന്ദ്രജിത്തും എന്നുമുണ്ടായിരുന്നു. ഇപ്പോഴിതാ സംവിധാനത്തിലും നിർമ്മാണത്തിലും കരിയറിൽ പുതിയ നാഴികക്കല്ല് പിന്നിടുമ്പോൾ പൃഥ്വിയുടെ ഭാര്യയും തന്റെ മരുമകളുമായ സുപ്രിയാ മേനോനാണ് മുഴുവൻ ക്രെഡിറ്റും മല്ലികാ സുകുമാരൻ നൽകുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റിലീസിനൊരുങ്ങുന്ന ചിത്രം നയന് എല്ലാ ഭാവുകങ്ങളും നേരുന്നതിനൊപ്പം ചിത്രം പ്രാവർത്തികമാക്കിയതിന്റെ 75 ശതമാനവും പങ്ക് സുപ്രിയയാണ് വഹിച്ചതെന്ന് അവർ പറഞ്ഞു.

മല്ലികാ സുകുമാരന്റെ വാക്കുകൾ-

ആ ജോലി വളരെ ഭംഗിയായി എന്റെ മോള് ഏറ്റെടുത്തു. എനിക്ക് തോന്നുന്നില്ല ഈ പ്രൊഡക്ഷൻ എന്നൊക്കെ പറയുന്നത്. അതിന്റെ ഒരു 50 ശതമാനത്തിലേറെ അധ്വാനം അൻപതായിരിക്കില്ല ഒരു എഴുപത്തിയഞ്ച് എന്നൊക്കെ പറയാം അധ്വാനം സുപ്രിയയുടേതാണ്. പൃഥ്വിരാജിന്റെ മാനസികമായ ധൈര്യം എന്നൊക്കെ പറയുന്നത് ഒരുപക്ഷേ എനിക്ക് എന്റെ ജീവിതത്തിലുണ്ടായ സന്നിഗ്‌ദ ഘട്ടങ്ങളിൽ കാണിച്ച ഒരു മനോബലമാണ്. ഞാൻ എന്റെ മക്കളിലേക്ക് നിർബന്ധപൂർവം അത് തിരികി കയറ്റാൻ ശ്രമിച്ചിട്ടില്ല.

ആ ഒരു മാനസിക ബലമായിരിക്കാം ചില സന്ദർഭങ്ങളൊക്കെ ധൈര്യപൂർവം അതിജീവിച്ച് എന്റെ മോൻ മുന്നോട്ട് പോയിട്ടുള്ളത്. സ്വന്തം ജീവിതത്തിലെ കാഴ്‌ചപ്പാടുകളും അനുഭവങ്ങളുമൊക്കെ തന്നെയായിരിക്കാം നയൻ എന്ന ചിത്രം പൂർണമായും ഉൾക്കൊള്ളാൻ പൃഥ്വിരാജിന് കഴിഞ്ഞതെന്ന് മല്ലികാ സുകുമാരൻ കൂട്ടിച്ചേർത്തു.