kaumudy-news-headlines

1. നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയില്‍. ആര്‍.എസ്.എസ് ജില്ലാ കാര്യ വാഹക് പ്രവീണിനെ പൊലീസ് പിടികൂടിയത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്. പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് പ്രവീണ്‍ ബോംബ് എറിഞ്ഞത് നാല് തവണ.

2. ആക്രമണം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാത്തത് വലിയ നാണക്കേടിന് വഴിവച്ചിരുന്നു. പ്രവീണ്‍ പിടിയിലാകുന്നത് പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ ശേഷം. ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ ചോര്‍ന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് ഇയാളെ പൊലീസ് പിടികൂടിയത്

3. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നതായി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ്. കോട്ടയത്തിന് പുറമെ, ഇടുക്കിയോ ചാലക്കുടിയോ വേണം. കേരളാ കോണ്‍ഗ്രസിന് മുന്‍പ് സീറ്റ് കിട്ടിയപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ട്. അത് ഇത്തവണയും ആവര്‍ത്തിക്കും എന്നും പി.ജെ. ജോസഫ് പറഞ്ഞു. 12ന് നടക്കുന്ന ഉഭയകക്ഷി യോഗത്തില്‍ പ്രതീക്ഷ എന്നും പ്രതികരണം

4. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്ന് മുസ്ലിം ലീഗിലും ധാരണ. ഈ മാസം പത്തിന് നടക്കുന്ന യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും. മൂന്നാംസീറ്റെന്ന ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസും ലീഗും നിലപാടുകളില്‍ ഉറച്ചു നില്‍ക്കെ, യു.ഡി.എഫില്‍ സീറ്റ് പ്രതിസന്ധി രൂക്ഷമാകും

5. ശബരിമല വിഷയം വോട്ടാക്കാന്‍ ഉറപ്പിച്ച് ബി.ജെ.പി. ദേശീയ നേതാക്കളെ രംഗത്തിറക്കാന്‍ ബി.ജെ.പി. പൊതു തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ആണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ളവര്‍ വരും ദിവസങ്ങളില്‍ ബി.ജെ.പിക്കായി പ്രചാരണത്തിന് ഇറങ്ങും. ശബരിമല ആചാര സംരക്ഷണം ഉയര്‍ത്തി സമരം തുടരാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

6. ശബരിമല പ്രശ്നത്തില്‍ നടത്തിയ സമരങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ പെട്ട സംഘടനാ ശക്തി തിരിച്ചു പിടിക്കാനാണ് സമരം വീണ്ടും സജീവമാക്കുന്നത്. മാസ പൂജക്കായി നടതുറക്കുന്ന ഈ മാസം 13 ന് ജില്ലാ കേന്ദ്രങ്ങളില്‍ ഉപവാസം നടത്താനാണ് ബി.ജെ.പി തീരുമാനം. തൊട്ടടുത്ത ദിവസമാണ് യു.പി മുഖ്യമന്ത്രി എത്തുന്നത്. യോഗി ആദിത്യനാഥിന്റെ പരിപാടി പത്തനംതിട്ടയില്‍ തന്നെ വക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എന്ന് വ്യക്തം

7. നാല് ലോക്സഭാ മണ്ഡലങ്ങളെ ഒരു ക്ലസ്റ്ററാക്കി തിരിച്ചാണ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നത്. ഇത്തരം ക്ലസ്റ്റര്‍ സമ്മേളനങ്ങളില്‍ ബി.ജെ.പി ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ നിര്‍മലാ സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, തുടങ്ങിയ നേതാക്കള്‍ ആദ്യഘട്ടത്തില്‍ സംബന്ധിക്കും. ബി.ജെ.പി സംസ്ഥാന നേതാക്കളെ മത്സര രംഗത്ത് നിന്ന് മാറ്റി പൊതു മുഖങ്ങളെ രംഗത്തിറക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ഇത്തരം യോഗങ്ങളില്‍ അഭിപ്രായങ്ങള്‍ തേടാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്

8. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പട്നയില്‍ ഇന്ന് മഹാകര്‍ഷക റാലി. ജന്‍ ആകാംക്ഷ റാലി എന്ന പേരിലാണ് സംസ്ഥാനത്തെ കര്‍ഷകരെ അണിനിരത്തി കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കുന്നത്. മോദിക്കെതിരായി രൂപപെട്ടിട്ടുള്ള കര്‍ഷക രോഷം അനുകൂലം ആക്കുകയാണ് ലക്ഷ്യം. റാലിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുന്നതോടെ സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമാകും. പ്രതിപക്ഷ നിരയുടെ ശക്തിപ്രകടനം കൂടിയാകും റാലി.

9. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി, ലോക് താന്ത്രിക് ജനത ദള്‍ നേതാവ് ശരത് യാദവ്, രാഷ്ട്രീയ ലോക് സാമന്ത പാര്‍ട്ടി പ്രസിഡന്റ് ഉപേന്ദ്ര കുശ്വാഹ എന്നിവരും പങ്കെടുക്കും. അധികാരത്തില്‍ ഏറിയ സംസ്ഥാനങ്ങളിലെ കടം എഴുതി തള്ളല്‍ കര്‍ഷകര്‍ക്കായുള്ള നീക്കത്തിന്റെ ആദ്യ പടിയാണെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നു. 20 പ്ലാനുകളാണ് കര്‍ഷകര്‍ക്കായി കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുള്ളത് എന്നാണ് വിവരം

10. മാനിഫെസ്റ്റോ കമ്മിറ്റി കര്‍ഷക വിഭാഗം തലവന്‍ ഭൂപീന്ദര്‍ ഹൂഡ എല്ലാ സംസ്ഥാനങ്ങളിലെയും കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനിടെ രാഹുല്‍ ഗാന്ധിക്ക് എതിരെ പരാതി ഫയല്‍ ചെയ്ത്, ഭാരതീയ ജന്‍ ക്രാന്തി ദള്‍. രാമന്റെ അവതാരമെന്ന് സൂചിപ്പിച്ചുള്ള പോസ്റ്റുകള്‍ വഴി ഹിന്ദു വികാരത്തെ വൃണപ്പെടുത്തി എന്നാണ് ആരോപണം.

11. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചനത്തില്‍ ഉത്തരേന്ത്യയിലും പ്രകമ്പനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ ഹിന്ദുകുഷ് മലനിരകളുടെ സമീപത്താണ് ഭൂചനലത്തിന്റെ പ്രഭവ കേന്ദ്രം. ഇന്നലെ വൈകീട്ട് 5.34 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹിന്ദു കുഷ് മേഖലയില്‍ 212 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഇന്ത്യന്‍ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം

12. ഭൂചലനത്തിന്റെ ഭാഗമായി ഡല്‍ഹി, ജമ്മു- കശ്മീര്‍ മേഖലകളിലും കിഴക്കന്‍ ഉസ്ബക്കിസ്ഥാന്‍ മേഖലയിലും ചെറിയ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. എന്നാല്‍ എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടെ, ഇന്‍ഡോനേഷ്യയിലെ സുമാത്രയിലും ഭൂചനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഈ ഭൂചനലത്തിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.