yogi-adithyanath-helicopt

കൊൽക്കത്ത: ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടേതിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്‌ടർ ലാൻഡ് ചെയ്യുന്നതിനും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമബംഗാൾ സർക്കാർ അനുമതി നിഷേധിച്ചതായി ആരോപണം. കൊൽക്കത്തയിൽ നിന്നും 400 കിലോമീറ്റർ അകലെയുള്ള ബാലൂർഗട്ടിലെ ഇന്നത്തെ ബി.ജെ.പി റാലിയിൽ യോഗി പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം കാരണമൊന്നും കാണിക്കാതെ ഹെലിക്കോപ്‌‌ടർ ലാൻഡിംഗിനുള്ള അനുമതി സംസ്ഥാന സർക്കാർ നിഷേധിച്ചുവെന്ന് യോഗി ആദ്യത്യനാഥിന്റെ ഓഫീസ് ആരോപിച്ചു.

യോഗി ആദിത്യനാഥിന്റെ വാക്കുകൾ ജനമനസിനെ സ്വാധീനിക്കുമെന്ന് പേടിച്ചാണ് മമത ഹെലിക്കോപ്‌ടർ ലാൻഡിംഗിനുള്ള അനുമതി നിഷേധിച്ചതെന്ന് അദ്ദേഹത്തിന്റെ ഉപദേശകൻ മൃത്യുഞ്ജയ് കുമാർ ആരോപിച്ചു. ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തെത്തുന്ന ബി.ജെ.പി നേതാക്കളുടെ ഹെലികോപ്‌ടറിന് സർക്കാർ അനുമതി നിഷേധിക്കുന്നത്. നേരത്തെ ബി.ജെ.പി പദയാത്ര ഉദ്ഘാടനം ചെയ്യാൻ എത്താനിരുന്ന അമിത് ഷായുടെ ഹെലികോപ്‌ടറിന് ലാൻഡിംഗ് അനുമതി നിഷേധിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നീട് സ്വകാര്യ ഹെലിപാ‌ഡ് ഒരുക്കിയാണ് അദ്ദേഹത്തിന്റെ ഹെലിക്കോപ്‌ടർ ലാൻഡ് ചെയ്‌തത്.

ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിക്ക് ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വൻ റാലി സംഘടിപ്പിച്ചിരുന്നത്. എന്നാൽ പരിപാടിയിൽ യോഗി എത്താതിരുന്നതോടെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് ബി.എസ്.എഫിന്റെ ക്യാമ്പിൽ ഒരുക്കിയ താത്കാലിക ഹെലിപാഡിൽ ഇറങ്ങിയ യോഗി റോഡ് മാർഗം പരിപാടി നടക്കുന്ന സ്ഥലത്തെത്തി. മറ്റ് പരിപാടികളിലും റോഡ് മാർഗം അദ്ദേഹം പോകുമെന്നാണ് വിവരം.