റായ്‌പൂർ: ഛത്തീസ്ഗഢിൽ മാദ്ധ്യമപ്രവർത്തകനെ ബി.ജെ.പി നേതാക്കൾ ആക്രമിച്ചു. റായ്‌പൂരിൽ നടന്ന ബി.ജെ.പിയുടെ ജില്ലാതല യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകൻ സുമൻ പാണ്ഡെയെയാണ് ഒരു സംഘം ബി.ജെ.പി പ്രവർത്തകർ ചേർന്ന് മർദ്ദിച്ചത്. ശനിയാഴ്ച ഉച്ചയ്‌ക്കാണ് സംഭവം. അക്രമണത്തിൽ പാണ്ഡെയുടെ തലയ്‌ക്ക് പരിക്കേറ്റിടുണ്ട്. ഇതുസംബന്ധിച്ച് സുമൻ പാണ്ഡെ നൽകിയ പരാതിയിൻമേൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി റായ്‌പൂർ ജില്ലാ പ്രസിഡന്റ് രാജീവ് അഗർവാൾ, ബി.ജെ.പി ഓഫീസർ ഭാരവാഹി വിജയ് വ്യാസ്, ഉത്ത്കാർഷ് ത്രിവേദി, ദീന ഡോങ്ക്രേ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്‌തു.
റായ്‌പൂരിലെ ബി.ജെ.പിയുടെ ഏകാത്മ പരിസർ ഓഫീസിൽ നടക്കുന്ന യോഗം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് പാർട്ടി പ്രവർത്തകർ മർദ്ദിച്ചതെന്ന് സുമൻ നൽകിയ പരാതിയിൽ പറയുന്നു. മൊബൈൽ ഉപയോഗിച്ചായിരുന്നു യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ, യോഗത്തിനിടയിൽ നേതാക്കൾ തമ്മിൽ അടിപിടി ഉണ്ടാകുകയും അത് താൻ ചിത്രീകരിക്കുകയും ചെയ്‌തു. പിന്നീട് അടിപിടികൂടുന്നതിന്റെ ദൃശ്യങ്ങൾ മായ്‌ച്ചുകളയാൻ നേതാക്കൻമാർ തന്നോട് ആവശ്യപ്പെട്ടു. എന്നാൽ, ദൃശ്യങ്ങൾ മായ്‌ച്ചുകളയാൻ വിസമതിച്ചതിനെ തുടർന്ന് നേതാക്കൻമാർ ചേർന്ന് തന്നെ മർദ്ദിക്കുകയും ബലം പ്രയോഗിച്ച് ദൃശ്യങ്ങൾ മായ്‌ച്ചുകളയുകയും ചെയ്‌തു. സംഭവത്തിനുശേഷം 20 മിനിറ്റോളം ഓഫീസിനുള്ളിൽ തടഞ്ഞുവച്ചിരുന്നു.
പിന്നീട് ഓഫീസിൽനിന്ന് പുറത്തുവന്നതിനുശേഷമാണ് സംഭവത്തെക്കുറിച്ച് മറ്റ് മാദ്ധ്യമപ്രവർത്തകരെ അറിയിച്ചതെന്നും സുമൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മത്സരത്തിലെ പരാജയം സംബന്ധിച്ചാണ് യോഗത്തിൽ ചർച്ച ചെയ്‌തത്. റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരോട് യോഗം നടക്കുന്ന ഓഫീസിൽനിന്ന് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യോഗത്തിന്റെ ദൃശ്യങ്ങൾ സുമൻ മൊബൈലിൽ പകർത്തുന്നത് പ്രവർത്തകർ കാണുകയും റെക്കോർഡ് ചെയ്യുന്നത് നിർത്താനും വിഡിയോ മായ്ച്ചുകളയാൻ അവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അതേസമയം, സംഭവത്തിൽ പാർട്ടി പ്രവർത്തകർ അക്രമത്തിന് ഇരയായ മാദ്ധ്യമപ്രവർത്തകനോട് ക്ഷമ പറഞ്ഞതായി മുതിർന്ന ബി.ജെ.പി വക്താവ് സച്ചിതാനന്ദ് ഉപാസന പറഞ്ഞു.