വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം. 35 റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. 253 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിനെ 217 റൺസിന് ഇന്ത്യ പുറത്താക്കി. ഇന്ത്യക്ക് വേണ്ടി യുസ്വേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി, ഹർദ്ദിക് പാണ്ഡ്യ എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. ഓപ്പണർ കോളിൻ മൺറോ (18 പന്തിൽ 24), ഹെൻറി നിക്കോൾസ് (15 പന്തിൽ എട്ട്), റോസ് ടെയ്‍ലർ (4 പന്തിൽ 1), കെയ്ൻ വില്യംസൺ (73 പന്തിൽ 39), ടോം ലാതം (49 പന്തിൽ 37), കോളിൻ ഗ്രാൻഡ്ഹോം (8 പന്തിൽ 11) എന്നിവരാണു പുറത്തായത്.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വൻ തകർച്ചയായിരുന്നു നേരിട്ടത്. ഇന്ത്യ 49.5 ഓവറിൽ 252 റൺസെടുത്താണ് പുറത്തായത്. ഒടുവിൽ രക്ഷകരായത് അമ്പാട്ടി റായിഡുവും വിജയ് ശങ്കറും ,ഹർദ്ദിക് പാണ്ഡ്യയുമായിരുന്നു.113 പന്തിൽ എട്ട് ഫോറുകളും നാല് സിക്സറുകളും അടിച്ചാണ് അമ്പാട്ടി റായിഡു 90 റൺസെടുത്തത്. 64 പന്തിൽ 45 റൺസെടുത്ത വിജയ് ശങ്കർ അമ്പാട്ടി റായിഡുവിന് മികച്ച പിന്തുണ നൽകി.പാണ്ഡ്യയാണ് സ്കോർ 250 കടത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്. 22 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും ഉൾപെടുന്നതാണ് പാണ്ഡ്യയുടെ ഇന്നിങ്സ്.