modi

ചണ്ഡീഗഡ്: വോട്ടിനുവേണ്ടി കോൺഗ്രസ് രാജ്യത്തെ കർഷകരെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. സിഖ് മതസ്ഥരുടെ പുണ്യസ്ഥലമായി കരുതുന്ന കർതാർപൂർ പാകിസ്ഥാന് ലഭിക്കുന്നതിന് കാരണം കോൺഗ്രസാണെന്നും മോദി കുറ്റപ്പെടുത്തി. 'അവർ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഗുരുനാനാക്ക് ദേവിന്റെ ജന്മസ്ഥലം നമുക്ക് നഷ്ടപ്പെടില്ലായിരുന്നെ'ന്നും അദ്ദേഹം പറഞ്ഞു. ചണ്ഡീഗഢിലെ പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു മോദിയുടെ വിമർശനം.

കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ജൻധൻ അക്കൗണ്ടിനെ കളിയാക്കുകയാണ് പ്രതിപക്ഷം ചെയ്‌തത്. 2,000 രൂപ മൂന്ന് ഗഡുക്കളായി 6,000 രൂപ അക്കൗണ്ടുകളിലേക്ക് ഉടൻ കൈമാറും. തുടർന്ന് 75,000 കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തും. ഇത് ഏതെങ്കിലും ഇടനിലക്കാരനോ ബ്രോക്കറുമായോ ഉൾക്കൊള്ളുന്നതല്ല. കോടിക്കണക്കിന് കർഷകർക്കാണ് ഇത് പ്രയോജനപ്പെടുക എന്നും മോദി പറഞ്ഞു. പുതിയ ബജറ്റിൽ പീയുഷ് ഗോയൽ ഇക്കാര്യം അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോദി പറഞ്ഞു. ജമ്മുകശ്‌മീരിൽ താൻ ഇന്ന് തുടക്കം കുറിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനത്തിനായി വീണ്ടും എത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സൗഭാഗ്യ പദ്ധതി പ്രകാരം നൂറ് ശതമാനം വൈദ്യുതീകരണം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി സംസ്ഥാനത്തെ അഭിനന്ദിച്ചു. സന്ദർശനവേളയിൽ രണ്ട് എയിംസ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും അദ്ദേഹം തറക്കല്ലിട്ടു. ലഡാക് യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു.