uma-menon

ന്യൂയോർക്ക്: അമേരിക്കൻ പ്രസി‌ഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്‌‌ച പാ‌ർലമെന്റിൽ നടത്തുന്ന നയപ്രഖ്യാപന പ്രസംഗം കേൾക്കാൻ തൃശൂരിൽ നിന്നൊരു പതിനൊന്നാം ക്ളാസുകാരിയുണ്ടാകും- ഫ്ളോറിഡയിലെ വിന്റർപാർക് ഹൈസ്‌കൂൾ വിദ്യാർത്ഥിനി ഉമാ മേനോൻ.

യു.എസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം സ്റ്റെഫാനി മർഫി രാജ്യവ്യാപകമായി സംഘടിപ്പിച്ച ലേഖനമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ഉമ ട്രംപിന്റെ സ്റ്റേറ്റ് ഒഫ് ദ യൂണിയൻ പ്രസംഗത്തിലേക്ക് ക്ഷണം നേടിയത്. അമേരിക്കൻ യുവതലമുറയുടെ ചിന്തകളും ആശയങ്ങളും രാജ്യവികസനത്തിന് പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഫ്യൂച്ചർ ഫോറത്തിന്റെ അദ്ധ്യക്ഷയാണ് സ്റ്റെഫാനി മർഫി. ഫോറത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ലേഖന മത്സരം.

തൃശൂർ സ്വദേശികളായ രാംകുമാർ മേനോന്റെയും ഷൈലജ അലാട്ടിന്റെയും മകളായ ഉമ മേനോൻ യു.എസ് നാഷണൽ സ്‌പീച്ച് ആൻഡ് ഡിബേറ്റ് ഓണർ സൊസൈറ്റിയുടെ ഡിസ്റ്റിംഗ്‌ഷൻ നേടിയ മിടുക്കിയാണ്. ലിങ്കൺ- ഡഗ്ളസ് ഡിബേറ്റിൽ ദേശീയതലത്തിലെ റാങ്ക് ജേതാവും സ്‌കൂളിൽ ഡിബേറ്റ് ടീം വൈസ് പ്രസിഡന്റും. 20 വർഷമായി, ഉമയുടെ അച്ഛന‌മ്മമാർ അമേരിക്കയിൽ താമസമായിട്ട്.

സിവിൽ എൻജിനിയർമാരായ രാംകുമാർ മേനോനും ഭാര്യ ഷൈലജയും ഫ്ളോറിഡയിലെ ഒർലാന്റോയിൽ സ്വന്തം ബിസിനസ് സംരംഭം നടത്തുന്നു. ഉമ ഒറ്റമകൾ. പ്രസംഗവും സെമിനാറും ചർച്ചയുമൊക്കെയായി അച്ഛനമ്മമാരെക്കാൾ തിരക്കാണ് ഉമയ്‌ക്ക്. നേരത്തേ വർഷംതോറും തൃശൂരിലെത്തിയിരുന്ന കുടുംബം തിരക്കുകൾക്കു നടുവിൽ നിന്ന് ഇപ്പോഴും തറവാട്ടിലെ വിശേഷങ്ങൾക്കും ചടങ്ങുകൾക്കുമെത്തും.

രാഷ്ട്രീയം പച്ചവെള്ളം പോലെ

പതിനൊന്നാം ക്ളാസിലേ എത്തിയുള്ളൂവെങ്കിലും, അമേരിക്കൻ രാഷ്ട്രീയം പച്ചവെള്ളം പോലെയാണ് ഉമയ്ക്ക്. രാഷ്‌ട്രീയത്തിൽ ഉറച്ചുനില്‌ക്കാൻ താത്‌പര്യവുമുണ്ട്. ഇന്ത്യൻ വംശജയും കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററുമായ കമലാ ഹാരിസ് 2020-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാകുമ്പോൾ അവർക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും ഉമ പറയുന്നു.