kamal-mohanlal

ആരാധകർ കംപ്ളീറ്റ് ആക്‌ടറെന്നും വിസ്‌മയ താരമെന്നുമൊക്കെ വിശേഷിപ്പിക്കുമെങ്കിലും സംവിധായകർക്കിടയിൽ മോഹൻലാൽ അറിയപ്പെടുന്നത് 'ഡയറക്‌ടേഴ്‌സ് ആക്‌ടർ' എന്നാണ്. എന്താണ് അതിന്റെ കാരണമെന്ന് പറയുകയാണ് സംവിധായകൻ കമൽ.

കമലിന്റെ വാക്കുകൾ-

'സംവിധായകൻ എങ്ങനെ ഉദ്ദേശിക്കുന്നുവോ ആ രീതിയിലേക്ക് മാറാൻ കഴിയുന്ന അല്ലെങ്കിൽ മാറ്റി തീർക്കാൻ കഴിയുന്ന ഒരു ആക്‌ടറാണ് മോഹൻലാൽ. അതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ളീറ്റ് ആക്‌ടർ എന്ന് വിളിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ വെള്ളം പോലെയാണെന്ന് പറയും മോഹൻലാൽ. ഏതു പാത്രത്തിൽ ഒഴിക്കുന്നോ ആ പാത്രത്തിന്റെ ഷേപ്പ് ആകും. ഒരു ആക്‌ടർ എന്ന രീതിയിൽ മാത്രമല്ല അദ്ദേഹം അങ്ങനെയാണ്. ഒരു സെറ്റിൽ പെരുമാറുന്നതു പോലും അങ്ങനെയാണ്.

ഞങ്ങളൊക്കെ തമാശയ്‌ക്ക് പറയുന്ന കാര്യമാണ്. ഏതൊരു സംവിധായകന്റെയും രീതിയിൽ സംസാരിക്കുകയും വേഷം പോലും ആ സെറ്റിൽ ചിലപ്പോൾ അങ്ങനെയൊക്കെ ഇടുന്ന ആളുകൂടിയാണ് ലാൽ. അദ്ദേഹം പൂർണമായും ഒരു നടൻ തന്നെ ആയതു കൊണ്ടാണത്. ഒരുപാട് അനുഭവങ്ങൾ അദ്ദേഹത്തെ കുറിച്ച് പറയാനുണ്ട്. ഓരോ ഷോട്ടുകൾ എടുക്കുമ്പോഴും അദ്ദേഹത്തിന്റെ കമ്മിന്റ്മെന്റ് ഒരു പരിഭവവുമില്ലാതെ, കലഹിക്കാതെ അദ്ദേഹത്തിനത് കൈകാര്യം ചെയ്യാനറിയാം എന്നതാണ്. സംവിധായകനു വേണ്ടിയാണ് ഒരു സിനിമയിൽ ആക്ടർ നിൽക്കേണ്ടതെന്ന് പൂർണമായും അറിയാവുന്നയാളാണ് മോഹൻലാൽ'.

മിഴിനീർപ്പൂക്കൾ, ഉണ്ണികളെ ഒരു കഥപറയാം, ഓർക്കാപ്പുറത്ത്, വിഷ്‌ണുലോകം, ഉള്ളടക്കം, അയാൾ കഥ എഴുതുകയാണ് എന്നിവയാണ് മോഹൻലാൽ- കമൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.