പാട്ന: ന്യൂഡൽഹിയിലേക്ക് പോയ സീമാഞ്ചൽ എക്സ്‌പ്രസ് ട്രെയിൻ ബീഹാറിലെ വൈശാലി ജില്ലയിൽ പാളം തെറ്റി ഏഴ് പേർ മരിച്ചു. മുപ്പതിലധികം പേർക്ക് പരിക്കേറ്റു.
ബീഹാറിലെ ജോഗ്ബാനിയിൽ നിന്ന് പുറപ്പെട്ട ട്രെയിനിന്റെ 11 ബോഗികളാണ് ഇന്നലെ പുലർച്ചെ 3.58ന് സോൺപൂർ റെയിൽവേ ഡിവിഷനിലെ സഹാദായ് ബുസുർഗിൽ പാളം തെറ്റിയത്. ട്രാക്കിലെ വിള്ളലാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പൂർണമായി തകർന്ന മൂന്ന് കോച്ചുകളിൽ കൂടുതൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടപ്പുണ്ടെന്ന് കരുതുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റ മറ്റുള്ളവർക്ക് അൻപതിനായിരം രൂപ വീതവും നൽകും.
അപകടം നടക്കുമ്പോൾ നല്ല വേഗതയിലായിരുന്നു. യാത്രക്കാർ ഉറക്കത്തിലായിരുന്നു. ഉഗ്രശബ്ദത്തോടെ കോച്ചുകൾ പാളം തെറ്റിയപ്പോൾ യാത്രക്കാർ ബെർത്തുകളിൽ നിന്ന് എടുത്തെറിയപ്പെട്ടു.ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ ദേശീയ ദുരന്തനിവാരണ സേനയും എത്തി.പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി,ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയവർ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.
ഈ റൂട്ടിലുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു.