yoga

നീലേശ്വരം: കേന്ദ്ര സർക്കാരിന്റെ 10 യോഗ ഗ്രാമങ്ങളിലൊന്ന് കേരളത്തിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര ആയുഷ്‌ മന്ത്രി ശ്രീപാദ് നായിക്ക് പറഞ്ഞു. കിനാനൂർ കരിന്തളം പഞ്ചായത്തിൽ കേന്ദ്ര ആയുഷ് മന്ത്രാലയം അനുവദിച്ച കേന്ദ്ര യോഗ പ്രകൃതി ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആയുർവേദ ടൂറിസത്തിന് ഏറ്റവും അനുയോജ്യമാണ് കേരളം. ആയുർവേദ പാരമ്പര്യം അഷ്ടവൈദ്യ പരമ്പരയിലൂടെ കാത്തുസൂക്ഷിക്കുന്ന നാടാണ് കേരളം. ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപതി എന്നിവയുടെ സംയോജന
ചികിത്സയാണ് ഗവേഷണ കേന്ദ്രത്തിൽ ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ കളരിപ്പയറ്റു പോലുള്ള ആയോധന കലകളും നാട്ടറിവുകളും ഗവേഷണകേന്ദ്രത്തിൽ സംരക്ഷിക്കും. ഗവേഷണ കേന്ദ്രത്തിൽ പി.ജി.കോഴ്സുകൾ ആരംഭിക്കണമെന്ന് സംസ്ഥാനം നിർദ്ദേശിച്ചിട്ടുണ്ട്. അതിന് കേന്ദ്രം ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരൻ, പി. കരുണാകരൻ എം.പി, എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

കേന്ദ്രമന്ത്രിക്ക് അടുത്ത വർഷം ക്ഷണം

നീലേശ്വരം: കേന്ദ്ര മന്ത്രി ശ്രീപദ് റാവുവിനെ വേദിയിലിരുത്തി അദ്ധ്യക്ഷ പ്രസംഗത്തിനിടയിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. 'സർ താങ്കൾ തന്നെ അടുത്ത വർഷം ഈ പദ്ധതി ഉദ്ഘാടനം ചെയ്യണം'. അതോടെ വേദിയിലിരുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകാന്തും ജനറൽ സെക്രട്ടറി വേലായുധൻ കൊടവലവും കൈയടിച്ച് മന്ത്രിയെ അഭിനന്ദിച്ചു. അതിനു മുമ്പേ പ്രസ് ഗാലറിയിൽ കൂട്ടച്ചിരി ഉയർന്നിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെയുള്ള ഈ പരാമർശം കേട്ട്, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും പി. കരുണാകരൻ എം.പിയും എം. രാജഗോപാലൻ എം.എൽ.എയും ആരോഗ്യ മന്ത്രിയെ അദ്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.