aribam

ഗുവാഹത്തി: കേന്ദ്രസർക്കാരിന്റെ പൗരത്വ (ഭേദഗതി) ബില്ലിൽ പ്രതിഷേധിച്ച് മണിപ്പൂരി സംവിധായകൻ അരിബാം ശ്യാം ശർമ്മ പത്മശ്രീ പുരസ്കാരം തിരികെ കൊടുക്കാനൊരുങ്ങുന്നു. 2006ൽ ലഭിച്ച പത്മശ്രീയാണ് അരിബാം ശർമ്മ പ്രതിഷേധ സൂചകമായി മടക്കി നൽകുന്നത്. വിവാദപരമായ ബില്ലിൽ യാതൊരു ഉത്തരവാദിത്വവും കാണിക്കാത്ത സർക്കാർ നൽകിയ പുരസ്കാരം സൂക്ഷിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അയൽ രാജ്യങ്ങളിൽ നിന്നുള്ള കടന്നുകയറ്റം വർദ്ധിക്കുമോ എന്ന ഭീതിയെ തുടർന്ന് ബില്ലിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇമഗി നിങ്‌തം, ഇഷണൗ, സങ്‌ഗായ്- ദ ഡാൻസിംഗ് ഡീർ തുടങ്ങിയ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് അരിബാം ശർമ്മ. മണിപ്പൂരി ചലച്ചിത്രലോകത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നവരിൽ പ്രമുഖനാണിദ്ദേഹം.