തിരുപ്പതി: തിരുപ്പതി ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിലെ അമൂല്യ രത്നങ്ങൾ പതിച്ച മൂന്ന് സ്വർണ കിരീടങ്ങൾ മോഷണം പോയി. ശനിയാഴ്ചയാണ് പ്രതിഷ്ഠയുടെ ഭാഗമായ വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന സ്വർണ കിരീടങ്ങൾ
കാണാതായത്. 1351 ഗ്രാം സ്വർണമടങ്ങിയ മൂന്ന് കിരീടങ്ങളിലായി അമൂല്യമായ നിരവധി രത്നങ്ങളും പതിച്ചിട്ടുണ്ട്. തിരുപ്പതി ക്ഷേത്രസമുച്ചയത്തിന്റെ ഹൃദയഭാഗത്തുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ഗോവിന്ദരാജ സ്വാമി ക്ഷേത്രം.
ആറ് ടീമുകളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രഭാത പൂജകൾക്കുശേഷം ക്ഷേത്ര തന്ത്രിമാർ ദൈനംദിന തിരക്കുകളിലേർപ്പെട്ട സമയത്താണ് കിരീടം മോഷണം പോയതെന്നാണ് പൊലീസിന്റെ നിഗമനം. ചടങ്ങുകളുടെ ഭാഗമായി വൈകിട്ട് അഞ്ച് മണിക്ക് അടച്ച ക്ഷേത്രം 45 മിനിറ്റിന് ശേഷം വീണ്ടും തുറന്നപ്പോൾ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ വിജിലൻസ് സംഘത്തിലുള്ള വനിതാ കോൺസ്റ്റബിളാണ് വിഗ്രഹങ്ങളിൽ ചാർത്തയിരുന്ന കിരീടങ്ങൾ കാണാനില്ലെന്ന വിവരം ആദ്യം കണ്ടെത്തിയത്. ഇവർ ഉടൻ തന്നെ പൂജാരിമാരെ വിവരം അറിയിച്ചു. തുടർന്ന് ക്ഷേത്രം പ്രസിഡന്റ് ഗ്യാന പ്രകാശ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ കിരീടങ്ങളാണ് കാണാതായതെന്ന് പരാതിയിൽ പറയുന്നു. ഉപ പ്രതിഷ്ഠകളായ മലയപ്പ, ശ്രീദേവി, ഭൂദേവി എന്നിവയിൽ ചാർത്തിയതായിരുന്നു കിരീടങ്ങൾ. ഇതിൽ മലയപ്പയുടെ കിരീടത്തിന് 528 ഗ്രാമും ശ്രീദേവിയുടെ 408 ഗ്രാമും ഭൂദേവിയുടെ 415 ഗ്രാമും തൂക്കം വരുന്നതാണ്. സദാ തിരക്കുള്ള ക്ഷേത്രത്തിന്റെ ശക്തമായ സുരക്ഷാ സംവിധാനങ്ങളും സിസി ടിവി കാമറകളെയും വെട്ടിച്ച് മോഷണം നടന്നതെങ്ങനെയെന്നതാണ് അന്വേഷണ സംഘത്തെ ആശങ്കയിലാക്കുന്നത്. സിസി ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ച പൊലീസ് ക്ഷേത്ര ജീവനക്കാരെ ചോദ്യം ചെയ്തു.
ക്ഷേത്രത്തിൽ നേരത്തേയും ഇത്തരത്തിൽ മോഷണം നടന്നിട്ടുണ്ടെന്നും ജാഗ്രതക്കുറവാണ് സംഭവം ആവർത്തിക്കാൻ കാരണമായതെന്നും ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു.