വില നിയന്ത്രിക്കാൻ സർക്കാരിന് ഒരു മാസം
ഇന്ന് മുതൽ 50 രൂപ കൂട്ടും
നിർമ്മാണ മേഖല സ്‌തംഭിപ്പിക്കും
കോട്ടയം : സിമന്റ് വില ഇന്നു മുതൽ 50 രൂപ കൂട്ടാനുള്ള ദക്ഷിണേന്ത്യൻ സിമന്റ് ലോബിയുടെ നീക്കം പൊളിക്കാൻ സംസ്ഥാന വ്യാപകമായി വിൽപ്പന നിറുത്തിവച്ചുള്ള പ്രതിരോധ സമരവുമായി വ്യാപാരികൾ. കോഴിക്കോട് ചേർന്ന നിർമ്മാണ, വ്യാപാര മേഖലകളിലെ സംഘടനകളുടെ സംയുക്ത യോഗമാണ് ഈ തീരുമാനമെടുത്തത്.
വിലവർദ്ധന നിയന്ത്രിക്കുന്നതിന് അടിയന്തിര നടപടികളെടുക്കാൻ സർക്കാരിന് ഒരുമാസം നൽകും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ വില കൂട്ടുന്ന കമ്പനികളുടെ സിമന്റ് എടുക്കാതെ നിർമ്മാണമേഖല സ്തംഭിപ്പിക്കും. സംസ്ഥാന സർക്കാർ ശക്തമായ ഇടപെട്ടാലേ സിമന്റ് വില കുറയ്ക്കാനാവൂ. വില നിയന്ത്രിക്കാൻ റെഗുലേറ്ററി ബോർഡ് വേണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല. സർക്കാർ നടപടി ഉണ്ടാവുന്നില്ലെങ്കിൽ കോമ്പറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ വീണ്ടും സമീപിക്കുമെന്നും വ്യാപാരി സംഘടനാ പ്രതിനിധികൾ കോഴിക്കോട്ട് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സിമന്റ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ, ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, ലെൻസ് ഫെഡ്, കേരള ഗവ.കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ, സി.ഡബ്ലിയു.എസ്.എ, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നീസംഘടനകളാണ് സിമന്റ് ലോബിക്കെതിരെ രംഗത്തെത്തിയത്.
നേരത്തേ 50 രൂപ വർദ്ധിപ്പിച്ചെങ്കിലും വ്യാപാരികൾക്കുള്ള സബ്സിഡി പിൻവലിച്ചതോടെയാണ് വില കൂടുന്നത്. പത്താം തീയതി വീണ്ടും വില വർദ്ധിപ്പിക്കാനും സിമന്റ് കമ്പനികൾ ശ്രമിക്കുന്നതായി വ്യാപാരികൾ പറയുന്നു. ഒരു ശതമാനം പ്രളയ സെസിന്റെ പേരിലും വില നാലു രൂപയിലേറെ ഉയരും. ഉത്പാദന ഗതാഗത ചെലവുകൾ ഉയരാത്തതിനാൽ വിലവർദ്ധിപ്പിച്ചതിന് ന്യായീകരണമില്ല. പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സ് പോലും വില കൂട്ടി. വില വർദ്ധന പ്രളയാനന്തര നിർമ്മാണത്തെയും ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെയും പ്രതികൂലമായി ബാധിക്കും.
കേരളത്തിലെ വ്യാപാരികൾ സിമന്റ് എടുക്കാതെ സമ്മർദ്ദ തന്ത്രം തുടർന്നാൽ വില അന്യ സംസ്ഥാന ലോബി വില കുറച്ചേക്കും. നിർമ്മാണ സീസൺ ആരംഭിച്ചതിനാൽ ഇത് എത്രനാൾ സാധിക്കുമെന്നതാണ് ചോദ്യം
കൂടിയ വില കേരളത്തിൽ
രാജ്യത്തെ ഏറ്റവും ഉയർന്ന വില കേരളത്തിൽ.
അയൽ സംസ്ഥാനങ്ങളേക്കാൾ 100 രൂപ കൂടുതൽ
നിലവിൽ 350 - 370 രൂപ
ഇന്നു മുതൽ 400 - 450 രൂപയാകും
50 രൂപ കൂട്ടുമ്പോൾ കമ്പനികൾക്ക് 100കോടിയിലേറെ അധിക ലാഭം
കേരളത്തിൽ ഒരു മാസത്തെ ഉപയോഗം പത്തുലക്ഷം ടൺ സിമന്റ്
ഇതിൽ 96 ശതമാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന്.
ഉപയോഗത്തിന്റെ 30 ശതമാനം സർക്കാർ മേഖലയിൽ