mamataa

കൊൽക്കത്ത: പശ്ചിമബംഗാളിൽ നടന്ന റാലിയിൽ പങ്കെടുക്കാനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടറിന് ബംഗാളിൽ ഇറങ്ങാൻ തൃണമൂൽ സർക്കാർ അനുമതി നിഷേധിച്ചു. തുടർന്ന് ഫോൺ വഴിയാണ് യോഗി റാലിയിൽ സംസാരിച്ചത്. വടക്കൻ ബംഗാളിലെ ബലൂർഘട്ടിലാണ് റാലി നടന്നത്. സംഭവത്തെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ ജില്ലാ മജിസ്ട്രേട്ടിന്റെ വീടിനു പുറത്തു പ്രതിഷേധിച്ചു.

മുന്നറിയിപ്പില്ലാതെയാണ് ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചതെന്ന് യു.പി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യോഗി ആദിത്യനാഥിന്റെ ജനസമ്മതി കാരണമാണ് മമതാ ബാനർജി ഹെലികോപ്ടറിന് ഇറങ്ങാൻ അനുമതി നിഷേധിച്ചതെന്ന് യോഗിയുടെ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ ദേശീയ മാദ്ധ്യമങ്ങളോടു വ്യക്തമാക്കി. നേരത്തേ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്ടറിനും ബംഗാളിൽ ഇറങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. കോപ്ടർ ഇറങ്ങേണ്ട മാൽഡ എയർസ്ട്രിപ്പിൽ സൗകര്യങ്ങൾ കുറവാണെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വിശദീകരണം. തുടർന്ന് ഒരു സ്വകാര്യ ഹെലിപാഡിലായിരുന്നു അമിത് ഷാ ഇറങ്ങിയത്.

ബി.ജെ.പിയുടെ ‘സേവ് ഡെമോക്രസി’ മുന്നേറ്റത്തെ മമത തുടക്കം മുതൽ എതിർക്കുകയാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. ഇക്കാര്യത്തിനായാണ് അമിത് ഷായും ബംഗാളിൽ പോകാനിരുന്നത്. പക്ഷേ ബംഗാൾ സർക്കാർ അതും തടഞ്ഞു- ആദിത്യനാഥ് വ്യക്തമാക്കി.