ak-antony

കാസർകോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ടാം കുരുക്ഷേത്ര യുദ്ധമായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. നരേന്ദ്രമോദി നയിക്കുന്ന കൗരവപ്പടയെ തകർക്കാനുള്ള ദൗത്യം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കാസർകോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിച്ച പിണറായി സർക്കാരിന് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകണമെന്നും ആന്റണി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം അധികാര കൈമാറ്റത്തിന് വേണ്ടി മാത്രമുള്ളതല്ല. ജനാധിപത്യ മൂല്യങ്ങളെയും ഇന്ത്യൻ ഭരണഘടനയെയും രക്ഷിക്കാനുള്ള യുദ്ധമാണ്. ഇന്ത്യ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെല്ലാം തകർക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനും പുതിയ ഭരണഘടന ഉണ്ടാക്കാനും ശ്രമം നടക്കുന്നു. ദേശീയ മൂല്യങ്ങൾ സംരക്ഷിക്കാൻ മോദി ഭരണത്തിന് അന്ത്യം കുറിക്കാതെ മറ്റുമാർഗമില്ലെന്ന് ആന്റണി കൂട്ടിച്ചേർത്തു.