ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അംഗീകരിച്ച തമിഴ് നടൻ വിജയ് സേതുപതിക്കെതിരെ മലയാളികളുടെ സെെബർ ആക്രമണം. ശബരിമലയിൽ യുവതികൾ കയറുന്നതിന് പിണറായി സർക്കാറിന്റെ നിലപാടാണ് ശരിയെന്ന് വിജയ് സേതുപതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ നടനെതിരെ രംഗത്ത് വന്നത്.
'ആദ്യം താങ്കളുടെ നാട്ടിലെ ജാതിവെറിയും അയിത്തവും അവസാനിപ്പിക്ക് എന്നിട്ട് ശബരിമല വിഷയത്തിൽ ഇടപെടാം'. 'ശബരിമല വിഷയത്തിൽ ഭക്തരുടെ വികാരങ്ങൾ മാനിക്കാതെ നിലപാടെടുത്ത വിജയ് സേതുപതി ജല്ലിക്കെട്ട് വിഷയത്തില്‍ എന്ത് നിലപാടാണ് സ്വീകരിച്ചത്'. ഉൾപ്പെടെയുള്ള നിരവധി കമെന്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. എന്നാൽ വിജയ് സേതുപതിയെ അഭിനന്ദിച്ചു കൊണ്ടും നിരവധിയാളുകൾ രംഗത്ത് വരുന്നുണ്ട്. ഇതുപോലെ സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങൾ തുറന്ന് പറയുന്ന സിനിമാ താരങ്ങാണ് നമുക്ക് ആവശ്യമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ശരിയെന്ന് പറ|ഞ്ഞാണ് തമിഴ് നടൻ വിജയ് സേതുപതി രംഗത്ത് വന്നത്. 'ആണായിരിക്കാൻ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാൽ, സ്ത്രീകൾക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകൾ ഒരു വേദന സഹിക്കുന്നുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകൾക്കത്തരം ഗുണവിശേഷമില്ലെങ്കിൽ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്നും അദ്ദേഹം വ്യക്തമാക്കി.