ബെല്ലാരി: ചരിത്ര പ്രധാനമായ കർണാടകയിലെ ഹംപിയിൽ സന്ദർശനത്തിനെത്തി തൂണുകൾ പൊളിച്ച യുവാക്കളെ അറസ്റ്റുചെയ്തു. സന്ദർശനത്തിനെത്തിയ യുവാക്കൾ ചേർന്ന് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായ ഹംപിയിലെ ക്ഷേത്രത്തിന്റെ തൂണുകളിലൊന്നു തള്ളി താഴെയിടുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. വിഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണുണ്ടായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്. യുവാക്കൾ ഒരു തൂൺ തള്ളി താഴെയിടുമ്പോൾ സമീപത്തു നിരവധി തൂണുകൾ വീണ നിലയിൽ കാണാം. ഇത് ഇവർ തകർത്തതാണോയെന്നു വ്യക്തമല്ല. ദൃശ്യങ്ങൾ ഒരു വർഷം പഴക്കമുള്ളതാണെന്നാണു പൊലീസ് പറയുന്നത്. ആർക്കയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ സംരക്ഷിത പ്രദേശമായ ഹംപിയെ യുനെസ്‌കോ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.