anil

കോട്ടയം: മദ്യലഹരിയിൽ വാടകയെച്ചൊല്ലിയുള്ള തർക്കത്തിനിടെ നാട്ടകം മറിയപ്പള്ളി പുഷ്‌പഭവനിൽ അനിൽകുമാർ (ബേക്കറി അനി -44) കുത്തേറ്റു മരിച്ചു. സംഭവത്തിൽ നീലിമംഗലം ചിറയിൽ റിയാസിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. റിയാസിന് വാടകയ്‌ക്ക് നൽകിയിരുന്ന മാടക്കടയുടെ വാടകയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ വൈകിട്ട് 3.45 ന് നഗരമദ്ധ്യത്തിൽ തിരുനക്കര ബസ് സ്റ്റാൻഡിൽ നിന്ന് പോസ്റ്റ് ഓഫീസ് റോഡിലേയ്‌ക്കുള്ള ഇടവഴിയിലായിരുന്നു സംഭവം. മാടക്കടയ്ക്ക് അഞ്ഞൂറ് രൂപയായിരുന്നു ദിവസ വാടക. ഈരാറ്റുപേട്ടയിലെ പാറമടയിൽ ജോലി ചെയ്‌തിരുന്ന അനി എല്ലാ ആഴ്‌ചയിലും എത്തി വാടക പിരിക്കുകയായിരുന്നു പതിവ്.

ഇന്നലെ ഇതിനായി എത്തിയ അനിയും റിയാസും ഇടവഴിയിൽ ഇരുന്ന് മദ്യപിച്ചു. ഇതിനിടെ മുഴുവൻ വാടകയും നൽകാഞ്ഞതിനെച്ചൊല്ലി വാക്കേറ്റമുണ്ടായി. തുടർന്ന് കത്തിയെടുത്ത് അനി റിയാസിനു നേരെ വീശി. നെഞ്ചിൽ മുറിവേറ്റ റിയാസ് കത്തി പിടിച്ചു വാങ്ങി അനിയുടെ വയറ്റിൽ കുത്തുകയായിരുന്നു. കുത്തേറ്റ് വീണ അനിയെ ഇടവഴിയിൽ ഉപേക്ഷിച്ച് റിയാസ് അതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് പോയി.

പത്തു മിനിറ്റോളം രക്തം വാർന്ന് ഇടവഴിയിൽ കിടന്ന അനിയെ നാട്ടുകാർ അറിയിച്ചതനുസരിച്ച് കൺട്രോൾ റൂം പൊലീസ് എത്തി അഗ്നിരക്ഷാസേനയുടെ ആംബുലൻസിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിർമ്മൽ ബോസ്, എസ്.ഐ എം.ജെ. അരുൺ എന്നിവർ ആശുപത്രിയിൽ നിന്ന് റിയാസിനെ കസ്റ്റഡിയിലെടുത്തു. ചികിത്സയിൽ കഴിയുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.