ശിവപുരി: കുറ്റം അത് ആര് ചെയ്താലും ശിക്ഷ ഉറപ്പാണ്. മദ്ധ്യപ്രദേശിലെ ശിവപുരിയിൽ പെൺകുട്ടിയുടെ കവിളിൽ കൊത്തിയ പൂവൻ കോഴിക്കും കിട്ടി പണി. കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടിയെ കൊത്തിയെന്ന പരാതിയിൽ മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് പൂവൻ കോഴി വെട്ടിലായത്. കോഴിയുമായി ഹാജരാകാൻ പൊലീസ്, ഉടമസ്ഥനോട് നിർദ്ദേശിക്കുകയും ചെയ്തു.
അഞ്ചു വയസുകാരി റിതിക വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് അയൽവാസിയായ പപ്പു ജാദവിന്റെ പൂവൻകോഴി കുട്ടിയുടെ കവിളിൽ കൊത്തിയത്. കവിൾ മുറിഞ്ഞ് രക്തം വന്നതോടെ ഉടമസ്ഥനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു. എന്നാൽ കോഴിയുമായി ഹാജരാകാനാണ് പപ്പുവിനോട് പൊലീസ് നിർദ്ദേശിച്ചത്. പപ്പു കോഴിയുമായി സ്റ്റേഷനിലെത്തിയതിനു പിന്നാലെ ഇയാളുടെ ഭാര്യയെത്തി തന്നെ അറസ്റ്രുചെയ്ത് കോഴിയെ വിട്ടയയ്ക്കാൻ പൊലീസിനോട് കേണപേക്ഷിച്ചതോടെ ഉദ്യോഗസ്ഥരുടെ മനസലിഞ്ഞു. ഒടുവിൽ കോഴിയെ ഇനി മുതൽ വീട്ടുതടങ്കലിൽ വയ്ക്കണമെന്ന നിർദ്ദേശത്തോടെ പ്രശ്നം ഒത്തുതീർപ്പാക്കി പ്രതികളെയും പരാതിക്കാരെയും പൊലീസ് പറഞ്ഞുവിട്ടു.