കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു മുന്നോടിയായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് കാസർകോട്ട് ആവേശത്തുടക്കം. 'നമ്മൾ ഇന്ത്യയെ കണ്ടെത്തി, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും' എന്ന മുദ്രാവാക്യമുയർത്തുന്ന ജാഥയ്ക്കു തുടക്കം കുറിച്ച് പ്രവർത്തകസമിതി അംഗം എ.കെ ആന്റണി മുല്ലപ്പള്ളിക്ക് ത്രിവർണ്ണ പതാക കൈമാറി. നായന്മാർമൂലയിൽ ഉത്സവച്ഛായയിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. കാസർകോട് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, കർണാടക നഗരവികസന മന്ത്രി യു.ടി ഖാദർ, കൊടിക്കുന്നിൽ സുരേഷ്, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എം.എം ഹസൻ, കെ.സി അബു, ജോസഫ് വാഴയ‌്ക്കൻ, എം.കെ രാഘവൻ, കെ.സി ജോസഫ്, സതീശൻ പാച്ചേനി, കെ.സി പൗലോസ് വയനാട്, ലതിക സുഭാഷ്, ഡീൻ കുര്യാക്കോസ്, പത്മജ വേണുഗോപാൽ, അജയ് തറയിൽ, ബിന്ദുകൃഷ്ണ, എം.എൽ.എമാരായ ശബരീനാഥ്, എം. വിൻസെന്റ്, എൻ.എ നെല്ലിക്കുന്ന്, ഘടകകക്ഷി നേതാക്കളായ ജോണി നെല്ലൂർ, മുൻ മന്ത്രി സി.ടി അഹമ്മദലി, സി.പി ജോൺ, ഷിബു ബേബിജോൺ, പി.ടി ജോസ്, റാം മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രൻ മറുപടി പ്രസംഗം നടത്തി.
ജാഥയ്ക്ക് വൈകിട്ട് അഞ്ചു മണിയോടെ കുമ്പളയിൽ സ്വീകരണം നൽകി. ഇന്നു രാവിലെ പത്തിന് ഉദുമയിലും 11 ന് കാഞ്ഞങ്ങാട്ടും, വൈകുന്നേരം മൂന്നിന് തൃക്കരിപ്പൂരിലും സ്വീകരണം നൽകും. 139 മണ്ഡലങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം യാത്ര 28 ന് തിരുവനന്തപുരത്ത് സമാപിക്കും.