ന്യൂഡൽഹി: കൊൽക്കത്ത പൊലീസ് കമ്മിഷണറുടെ ഓഫീസിൽ പരിശോധനയ്ക്കെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റുചെയ്തു. അഞ്ചു സി.ബി.ഐ ഉദ്യോഗസ്ഥരെയാണ് അറസ്റ്റുചെയ്തത്.
ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്മിഷണർ രാജീവ് കുമാറിന്റെ ഓഫീസിൽ പരിശോധനക്കെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞുവയ്ക്കുകയായിരുന്നു.
സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞതോടെ ഒാഫീസിന് മുന്നിൽ ഉദ്യോഗസ്ഥരുടെ കൈയ്യാങ്കളി അരങ്ങേറി. പിന്നീടാണ് ഇവരെ അറസ്റ്റുചെയ്തത്.
സംഭവത്തെതുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി കമ്മിഷണറുടെ വസതിയിലെത്തി.
റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും അദ്ദേഹം അതിന് തയാറായില്ലെന്ന് സി.ബി.ഐ ആരോപിക്കുന്നു. സി.ബി.ഐയിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് തുടർന്നാൽ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു.
1986 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിർണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐ സംശയിക്കുന്നത്. ഇതിനെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ അദ്ദേഹത്തോട് സി.ബി.ഐ നിർദേശിച്ചത്.