modi

ശ്രീനഗർ: ഡൽഹിയിൽ ശീതീകരിച്ച മുറികളിൽ ഇരിക്കുന്നവർക്ക് പാവപ്പെട്ട കർഷകർക്കു ലഭിക്കുന്ന ആറായിരം രൂപയുടെ വിലയറിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർക്ക് മിനിമം വേതനം ഉറപ്പാക്കാനുള്ള കേന്ദ്ര ർ പദ്ധതിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ വിമർശനത്തിന് ജമ്മുവിലെ വിജയ്‌പൂരിൽ നടന്ന റാലിയിൽ മറുപടി പറയുകയായിരുന്നു മോദി.

ഇടക്കാല ബഡ്ജജറ്റിലെ കിസാൻ സമ്മാൻ നിധി പ്രകാരം കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകുമെന്ന് പറയുമ്പോൾ, ദിവസം അവർക്ക് 17 രൂപയോളമാണ് ലഭിക്കുന്നതെന്നും ഇത് കർഷകരെ അപമാനിക്കലാണെന്നും രാഹുൽ ആക്ഷേപിച്ചിരുന്നു. കാർഷിക കടം എഴുതിത്തള്ളുമെന്ന കോൺഗ്രസ് വാഗ്‌ദാനം തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് മോദി ആരോപിച്ചു. 2008-09ൽ ആറുലക്ഷം കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളുമെന്ന് കോൺഗ്രസ് വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ 52,000 കോടിയുടെ വാ‌യ്പകൾ മാത്രമാണ് എഴുതിത്തള്ളിയതെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മുവിലും ശ്രീനഗറിലുമായി രണ്ട് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന് മോദി തറക്കല്ലിട്ടു. ലഡാക്ക് സർവകലാശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.