mamta

കൊൽക്കത്ത: കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. കമ്മിഷണറെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് മമത ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. ബി.ജെ.പി ബംഗാലിനെ തകർക്കാൻ ശ്രമിക്കുന്നു. ലോക‌്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ബി.ജെ.പിയുടെ നീക്കമെന്നും മമത ആരോപിച്ചു.

കൊൽക്കത്ത പൊലീസ് കമ്മിഷണ‍ർ രാജീവ്കുമാറിനെ കാണാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെയാണ് ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തത്. സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പിന്നാലെ കമ്മിഷണറുടെ ഔദ്യോഗിക വസതിയിലെത്തിയ മമതാ ബാനർജി ഇവിടെ വച്ച് മന്ത്രിമാരുമായും മറ്റു തൃണമൂൽ കോണ്‍ഗ്രസ് നേതാക്കളുമായും ചർച്ച നടത്തിയ ശേഷം കേന്ദ്രസർക്കാരിന്റെ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സത്യാഗ്രഹസമരം ആരംഭിക്കുന്നതായി അറിയിച്ചു.

ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറുടെ മൊഴിയെടുക്കാന്‍ അനുമതി നേടിയ സി.ബി.ഐ ഇതിനായി കമ്മിഷണറുടെ ഔദ്യോഗികവസതിയിലെത്തിയപ്പോൾ ആണ് കൊൽക്കത്ത പൊലീസ് ഇവരെ തടഞ്ഞത്. കമ്മിഷണർ ഓഫീസിന് മുന്നിൽ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊൽക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥർ കൂടി കമ്മിഷണർ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ആദ്യം വിവരം വന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മമതാ ബാനർജി പിന്നീട് അറിയിച്ചു. കൊൽക്കത്തയിൽ പ്രതിപക്ഷകക്ഷികളുടെ സമ്മേളനം വിളിച്ചു ചേർത്തതിനാണ് സി.ബി.ഐയെ വച്ച് കേന്ദ്രസർക്കാരും ബി.ജെ.പിയും തന്നോട് പ്രതികാരം ചെയ്യുന്നതെന്ന് മമത മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബംഗാളിൽ ഹെലികോപ്ടർ ഇറക്കാനുള്ള അനുമതി പോലും മമതാ സർക്കാർ നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് സി.ബി.ഐ റെയ്ഡും അറസ്റ്റും നടന്നിരിക്കുന്നത്.