trending

തോമസ് ഐസക്കും പീയൂഷ് ഗോയലും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ ബന്ധമുണ്ട്. ഒരാൾ കഴുത്തിന് പിടിച്ചപ്പോൾ മറ്റൊരാൾ സ്‌നേഹിച്ച് സുഖിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള നമ്പരുകൾ കണ്ട ബഡ്ജറ്റ് വിശേഷങ്ങളുമായി കൗമുദി ട്രെൻഡിംഗ് ന്യൂസ് തുടങ്ങട്ടെ നമസ്‌കാരം ഞാൻ ശ്രീജിത്ത് ബാലകൃഷ്ണൻ.

ബഡ്ജറ്റ് എന്നാൽ മദ്യത്തിന് വിലകൂട്ടുന്ന പരിപാടി ആണെന്ന് പ്രമുഖ ധനകാര്യ വിദഗ്ധനായ തോമസ് ഐസക് സാർ വീണ്ടും തെളിയിച്ചു. സർക്കാരിന്റെ കയ്യിൽ കാശിന് കുറവ് വന്നാൽ മദ്യത്തിന്റെ വിലകൂട്ടും. അതാണ് ഐസക് ബുദ്ധി. പ്രളയം വന്നതു കൊണ്ട് കേരളത്തിൽ രക്ഷപെട്ട ഒരാൾ തോമസ് ഐസക്കാണ്. എന്തേലും ആവശ്യത്തിന് കൂടുതൽ കായ് വേണമെങ്കിൽ അത് പ്രളയത്തിന്റെ പേരിൽ സെസായി പിരിക്കാം. ഗുഡ് ഐഡിയ. അതുപോലൊരു വിദ്വാനാണ് പീയൂഷ് ഗോയൽ. യഥാർത്ഥത്തിൽ ധനമന്ത്രിയായ ജെയ്റ്റ്ലിജി അമേരിക്കയിൽ ചികിത്സയ്ക്ക് പോയതുകൊണ്ട് മാത്രം ബഡ്ജറ്റ് അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച മഹാനാണ് ഗോയൽജി. പക്ഷേ മോദി ജിയുടെ മനസിലിരുപ്പ് അതേപടി ബഡ്ജറ്റ് പുസ്തകത്തിൽ പകർത്തിയ ഗോയൽജി ബി.ജെ.പിക്കാരുടെ മാത്രമല്ല, സകല ആളുകളുടേയും കയ്യടി വാങ്ങി. അഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവരെ ആദായ നികുതിയിൽ ഒഴിവാക്കിയ മോദി ജി ലക്ഷ്യമിടുന്നത് വീണ്ടും പ്രധാനമന്ത്രിക്കസേര തന്നെ എന്ന് വ്യക്തം. പാർലമെന്റിൽ ഗോയൽ ജിയുടെ ബഡ്ജറ്റ് അവതരണം കണ്ട് രാഹുൽ ജി ചങ്ക് തകർന്ന് ഇരിക്കുന്ന കാഴ്ച പെറ്റ തള്ളയായ സോണിയാ ഗാന്ധിക്ക് പോലും സഹിക്കാനായില്ല. കർഷകർക്ക് 6000 രൂപ ബാങ്ക് അക്കൗണ്ടിൽ ഇട്ടുകൊടുക്കും എന്ന് പറഞ്ഞ മോദി ബഡ്ജറ്റ് കേട്ടപ്പോൾ പഴയ ഒരു 15 ലക്ഷം ആണ് ഓർമ്മ വന്നത്. കഴിഞ്ഞ നാല് വർഷമായി ധാരാളം വാഗ്ദാനങ്ങൾ മാത്രം തരുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും പറയുന്നില്ല. പശുക്കൾക്കായി കാമധേനു പദ്ധതി വഴി 750 കോടിയും ഒന്നര മണിക്കൂർ നീണ്ട ബഡ്ജറ്റ് പ്രസംഗത്തിൽ ഗോയൽജി പ്രഖ്യാപിച്ചു. എന്തായാലും ട്രെൻഡിംഗ് ന്യൂസിന്റെ അക്കൗണ്ടിൽ 15 ലക്ഷം ഇതുവരെ വീണിട്ടില്ല. പശുക്കൾക്ക് കായ് കൊടുക്കാം എന്ന് പ്രഖ്യാപിച്ചത് നന്നായി. കാരണം അവരാകുമ്പോൾ കായ് കിട്ടിയില്ലെന്ന് പരാതി പറയില്ലാലോ... മദ്യത്തിന് ഒപ്പം സോപ്പ്, പേസ്റ്റ്, സ്വർണം, വെള്ളി, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയ്ക്ക് വില കൂട്ടിയ ഐസക്ക് സാറിനോടുള്ള സ്‌നേഹം ഒരിക്കലും കുറയില്ല. ചെലവ് കൂട്ടി വരുമാനം കൂട്ടുന്ന ഐസക്ക് സാറിന്റെ പുതിയ കണ്ടുപിടിത്തം മോദിജിക്ക് അറിയാത്തത് നന്നായി.

തിരഞ്ഞെടുപ്പ് എന്ന് കേട്ടാൽ കോൺഗ്രസുകാർക്ക് ഒരു ആവേശമാണ്. ഏത് മണ്ഡലത്തിലും മത്സരിക്കാൻ റെഡിയായി നിൽക്കുന്ന കുറേ പാവങ്ങൾ ഉണ്ടാകും അവരെ സീറ്റുമോഹികൾ എന്ന് വിളിക്കാനാണ് കോൺഗ്രസ് പാർട്ടിക്ക് താൽപര്യം. പക്ഷേ മുപ്പത് മുതൽ അൻപത് വർഷം വരെ തുടർച്ചയായി ലോക്സഭയിലും രാജ്യസഭയിലും പോയി വന്നിട്ടും പൂതി മാറാത്ത നേതാക്കൻമാരെ ഒരിക്കലും സീറ്റുമോഹികൾ എന്ന് കോൺഗ്രസിൽ വിളിക്കില്ല. കാരണം ആ സീറ്റുകൾ അവരുടെ തറവാട് സ്വത്ത് പോലെയാണ്. എറണാകുളത്ത് കെ.വി തോമസ്, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, തോറ്റ എം.പിയായ പി.സി ചാക്കോ, കെ. സുധാകരൻ എന്നിവരൊക്കെ ആ പട്ടികയിൽ ഉൾപ്പെടും. പക്ഷേ ഇവർക്കൊക്കെ പൊതുവായി ഒരു ഗുണമുണ്ട്. ആർക്കും മത്സരിക്കാൻ താൽപര്യമില്ല. പക്ഷേ പാർട്ടി പറഞ്ഞാൽ മത്സരിക്കും. അങ്ങനെ ഒരാൾ കൂടി രംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാക്ഷാൽ ഉമ്മൻചാണ്ടി. കേരളമല്ല, തന്റെ തട്ടകം ഇനി ഇന്ദ്രപ്രസ്ഥം ആണെന്ന് മനസിലാക്കിയ കുഞ്ഞൂഞ്ഞ് ലോക്സഭയിലേക്ക് പോകാൻ മനസുകൊണ്ട് തയ്യാറായി. പക്ഷേ അവിടെയും പാർട്ടി പറയണം.

സ്വന്തം തട്ടകമായ കോട്ടയമാണ് കുഞ്ഞൂഞ്ഞിനായി റെഡിയാകുന്നത്. പക്ഷേ അവിടെ ചെറിയൊരു പ്രശ്നം. മാണി സാറും ജോസഫ് സാറും കൂടി ഒരു ഒളിച്ചുകളി. രണ്ടിലയ്ക്ക് രണ്ട് സീറ്റ് വേണം പോലും. അങ്ങനെ വന്നാൽ കോട്ടയത്തും ഇടുക്കിയിലും കൈപ്പത്തിക്ക് പകരം രണ്ടില വരും. അതിന്റെ പേരിൽ പരസ്യമായി മാണി സാറും ജോസഫ് സാറും ഉടക്കിലാണെന്ന് ചില അസൂയക്കാർ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്ന് ഡൽഹിക്ക് പോകാൻ റെഡിയായ ജോസഫ് സാറിന് പരസ്യ പിന്തുണയുമായി പൂഞ്ഞാർ സിംഹം പി.സി ജോർജും ഒപ്പമുണ്ട്. സമാധാനമായി കഴിഞ്ഞുപോകുന്ന മാണിസാറിന്റെ രണ്ടില കുടുംബം കലക്കാൻ പി.സിയെ കഴിഞ്ഞേ കേരളത്തിൽ മറ്റൊരു സിംഹമുള്ളൂ. വടകരയുടെ പൊന്നോമന പുത്രൻ മുല്ലപ്പള്ളി അദ്ദേഹം പാവപ്പെട്ട കോൺഗ്രസുകാർക്ക് വേണ്ടി സ്വന്തം മണ്ഡലം ത്യജിക്കാൻ തയ്യാറാണ്. അപ്പോൾ അതാ വരുന്നു നമ്മുടെ പച്ചപ്പാർട്ടി. അവർക്ക് മൂന്നാം സീറ്റ് വേണം പോലും. ഈ കലാപരിപാടി തിരഞ്ഞെടുപ്പ് വരെ പോകും. ഒടുവിൽ എല്ലാം പറഞ്ഞ് കോംപ്ലിമെന്റായി രാഹുൽജി പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്ന ദിവസത്തെ കുറിച്ചാണ് കൈപ്പാർട്ടി സ്വപ്നം കാണുന്നത്.

മോഹൻലാൽ വരുമോ എന്നത് പഴയ ഒരു സിനിമാ ഡയലോഗിന്റെ ഒരു ഭാഗം മാത്രമാണ്. ഇപ്പോ മോഹൻലാൽ വരുമോ എന്ന് ചോദിക്കുന്നത് താമരപ്പാർട്ടിയാണ്. ലാൽ വന്നാൽ തിരുവനന്തപുരം സീറ്റ് നൽകാം എന്നും ജയിപ്പിക്കാം എന്നും താമരപ്പാർട്ടി വമ്പൻ ഓഫർ വെച്ചുകഴിഞ്ഞു. പത്മഭൂഷൺ ഒക്കെ നൽകിയ പാർട്ടി അല്ലേ താമരക്കുളത്തിൽ കുളിക്കാം എന്ന് ലാലിന് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല. മോഹൻലാലിനോട് കാര്യങ്ങൾ സംസാരിച്ചുവെന്നും തീരുമാനം ഉടൻ ഉണ്ടാകും എന്നും ഗിരിവരാസന എം.എൽ.എ രാജേട്ടൻ പറയുന്നു. ഒ. രാജഗോപാലിനെ കൊണ്ട് ബി.ജെ.പിക്ക് ഉണ്ടായ ഒരേ ഒരു നേട്ടമാണ് ഇത്. അയ്യപ്പന്റെ കാര്യത്തിൽ ഒരു തീരുമാനം ആയ സ്ഥിതിക്ക് താമരപ്പാർട്ടിക്ക് ഇനി ലാലാണ് അയ്യപ്പൻ. പക്ഷേ മലയാളത്തിന്റെ നടന വിസ്മയം ഇനിയും ഇക്കാര്യത്തിൽ മനസ് തുറന്നിട്ടില്ല. പകരം ഫാൻസ് അസോസിയേഷനാണ് പ്രതികരിച്ചത്. ലാൽ മത്സരിക്കുന്നതിനോട് അവർക്ക് താൽപര്യം ഇല്ല പോലും. സിനിമാ പോസ്റ്ററും തിരഞ്ഞെടുപ്പ് പോസ്റ്ററും ഒന്നല്ല എന്ന് ഫാൻസുകാർക്ക് മനസിലായി. ലാലിന് അത് മനസിലായോ ആവോ...

കെ.എസ്.ആർ.ടി.സിയിൽ എം.ഡിമാർ വാഴില്ല എന്നത് പച്ചപ്പരമാർത്ഥമാണ്. പക്ഷേ ആനവണ്ടിയെ സ്വന്തം കാമിനിയെ പോലെ സ്‌നേഹിച്ച തച്ചങ്കരി സാറിനെ ഇങ്ങനെ പറഞ്ഞുവിട്ടതിൽ നല്ല വിഷമം ഉണ്ട് പിണറായി സാറെ. കസേര തെറിപ്പിച്ചതിന് പിന്നാലെ തച്ചങ്കരി നടത്തിയ പരിഷ്‌കാരങ്ങളും സ്വാഹ. ഒരു സ്ഥാപനം നന്നാവാൻ തൊഴിലാളി സ്‌നേഹം മാത്രം പോര. പണിയെടുക്കാനുള്ള മനസും വേണം എന്ന് ആനവണ്ടിയിലെ നല്ലവരായ തൊഴിലാളി സുഹൃത്തുക്കളോട് അഭ്യർത്ഥിച്ചുകൊണ്ട് ഇന്നത്തേക്ക് വിടപറയുന്നു. അടുത്തയാഴ്ച വീണ്ടും കാണും വരെ എല്ലാവർക്കും നല്ലനമസ്‌കാരം.