mamatha

സി. ബി. ഐ സംഘത്തെ കൊൽക്കത്ത പൊലീസ് തടഞ്ഞ് സ്റ്റേഷനിലാക്കി

മമത ധർണ നടത്തി

സി. ബി. ഐ സുപ്രീം കോടതിയിലേക്ക്

കൊൽക്കത്ത: ശാരദ, റോസ്‌വാലി ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പോലീസ് തടഞ്ഞ് കസ്റ്റഡിയിൽ എടുത്തത് കേന്ദ്രവും ബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയും തമ്മിലുള്ള ഉരസൽ രൂക്ഷമാക്കി. ബി. ജെ. പിയുമായി അടുത്ത് ബന്ധമുള്ള ഋഷികുമാർ ശുക്ലയെ കേന്ദ്രം സി. ബി. ഐ ഡയറക്ടറായി നിയമിച്ചതിന് പിന്നാലെയാണ് മമതയുമായുള്ള ഉരസൽ.

ഇന്നലെ രാത്രി നാടകീയ നീക്കങ്ങൾക്കിടെ രാജീവ് കുമാറിന്റെ വസതിയിലെത്തിയ മമത ബാനർജി സി. ബി. ഐയുടെ നടപടിയിൽ പ്രതിഷേധിച്ച് ധർണ നടത്തി. അതേസമയം,​ പൊലീസിന്റെ നടപടിക്കെതിരെ ഇന്ന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി. ബി. ഐ വ്യക്തമാക്കി.കൊൽക്കത്തയിലെ സി. ബി. ഐയുടെ പ്രാദേശിക ആസ്ഥാനം പൊലീസ് വളഞ്ഞു. തുടർന്ന് കേന്ദ്ര റിസർവ് സേനയെ സ്ഥലത്ത് വിന്യസിച്ചു.

ചിട്ടി തട്ടിപ്പ് കേസിന്റെ സുപ്രധാന രേഖകൾ കാണാതായതിനെത്തുടർന്ന് രാജീവ് കുമാറിന് സി.ബി.ഐ പലതവണ സമൻസ് അയച്ചിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അതിന്റെതുടർച്ചയായാണ് ഡെപ്യൂട്ടി സൂപ്രണ്ട് തഥാഗത ബർദ്ദന്റെ നേതൃത്വത്തിലുള്ള സി. ബി. ഐ സംഘം ഇന്നലെ രാത്രി അദ്ദേഹത്തെ ചോദ്യം ചെയ്യാൻ എത്തിയത്. രാജീവ് കുമാറിന്റെ വസതിക്ക് മുന്നിൽ എത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് ഉദ്യോഗസ്ഥർ വീ‌ടിനകത്തേക്ക് കടത്തിവിട്ടില്ല. ഇരുപക്ഷവും തമ്മിൽ അരമണിക്കൂറിലേറെ വാക്കേറ്റം നടന്നു. ചെറുതായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്‌തു. തുടർന്ന് ഉന്നത പൊലീസ് എത്തി സി.ബി.ഐ ഉദ്യോഗസ്ഥരെ ബലം പ്രയോഗിച്ച് വാഹനങ്ങളിൽ കയറ്റി പാർക്ക് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്കും പിന്നീട് ഷേക്‌സ്‌പിയർ സരണി സ്റ്റേഷനിലേക്കും കൊണ്ടുപോയി. രാത്രി വൈകി പൊലീസ് സി. ബി. ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.മമതയ്‌ക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീമും സ്ഥലത്തെത്തി.കമ്മിഷണറുടെ വസതിയിൽ മമത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി.

പശ്ചിമ ബംഗാളിൽ സി.ബി.ഐയെ പ്രവേശിപ്പിക്കില്ലെന്ന് മമത സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അനുവാദമില്ലാതെ സി.ബി.ഐക്ക് ബംഗാളിൽ അന്വേഷണം നടത്താൻ സാധിക്കില്ലെന്ന് നിയമവും കൊണ്ടുവന്നിരുന്നു. ഇതിന്റെ ബലത്തിലാണ് സി.ബി.ഐ ഉദ്യോഗസ്ഥർക്ക് നേരെ നടപടിയുണ്ടായത്.

സി. ബി. ഐ നീക്കത്തിനു പിന്നിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഗുഢാലോചനയാണെന്ന് മമത ആരോപിച്ചു. 40 സി.ബി.ഐ ഉദ്യോഗസ്ഥരെ കമ്മിഷണറുടെ വീട്ടിലേക്ക് അയച്ച ബി.ജെ.പി അട്ടിമറി നീക്കമാണ് നടത്തുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ ട്വീറ്റ് ചെയ്തു.

കൊൽക്കത്ത കമ്മിഷണർ രാജീവ് കുമാർ രാജ്യത്തെ മികച്ച ഉദ്യോഗസ്ഥനാണെന്ന് മമത ബാനർജി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. രാജീവ് കുമാറിനെ കാണാനില്ലെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അത്തരം പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കൊൽക്കത്ത എ.സി.പി ജാവേദ് ഷമീം നേരത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

നഗരത്തിലെ പ്രധാന റോഡുകളെല്ലാം പൊലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.