-facebook

മാതാ പിതാ ഗുരു ദെെവം എന്നാണ് നമ്മെ സമൂഹം പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ ദെെവത്തെപ്പോലെ കരുതേണ്ട അദ്ധ്യാപകർ അസഭ്യവർഷം നടത്തിയാലോ?​ അത്തരത്തിലുള്ള ഒരു സംഭവമാണ് മൂവാറ്റുപുഴ വാളകം ബ്രൈറ്റ് പബ്ളിക് സ്‌കൂളിൽ നടന്നത്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ അമ്മയെ പ്രിൻസിപ്പാൾ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. വിദ്യാർത്ഥി സ്കൂളിൽ വരുമ്പോൾ സ്ഥിരമായി പുസ്തകം കൊണ്ടുവരാത്തതിനാലാണ് രക്ഷിതാവിനെ വിളിച്ചുവരുത്തി അദ്ധ്യാപകർ മോശമായി പെരുമാറിയത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെെറലായിക്കൊണ്ടിരിക്കുകയാണ്. തന്റെ ഒരു അനുഭവം പങ്കുവച്ചാണ് അദ്ധ്യാപകർ എങ്ങിനെ പെരുമാറണമെന്ന് എന്ന് യുവാവ് വിശദീകരിക്കുന്നത്. അയ്യായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന തിരുവനന്തപുരം കോട്ടൻഹിൽ സ്‌കുളിലെ ഹെഡ്മിസ്ട്രസ് ആയ രാജശ്രീ ടീച്ചറുടെ ലാളനയും സ്നേഹവും ആൻസൺ പി.ഡി അലക്സാണ്ടർ എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ഒരിക്കൽ തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിൽ ഒരു പരിപാടിയുടെ ആവശ്യവുമായി പോയി. 5000 ത്തിലേറെ കുട്ടികൾ പഠിക്കുന്ന വലിയ ഒരു സ്കൂൾ. ഓഫീസിൽ ഹെഡ്മിസ്സ്ട്രസ് രാജശ്രീ ടീച്ചറുടെ മുമ്പിൽ ഇരിക്കുമ്പോ ഒരു ചേട്ടൻ അവിടേക്ക് വന്നു. ചേട്ടന്റെ മോളെ സ്കൂൾ ബസിലെ ചേച്ചി വഴക്ക് പറഞ്ഞു കാരണമോ കുട്ടി സ്കൂൾ ബസ് ഫീസ് കൊണ്ടു കളഞ്ഞു. പക്ഷേ ചേട്ടൻ സമ്മതിക്കുന്നില്ല.. ആ 110 രൂപ ചേച്ചി കൊണ്ട് കളഞ്ഞതാകും എന്നും പറഞ്ഞാണ് വഴക്ക്.. ചേട്ടൻ ഉറക്കെ പലതും പറഞ്ഞ് വഴക്കുണ്ടാക്കിക്കൊണ്ടേയിരുന്നു.ഇടക്ക് രാജശ്രീ ടീച്ചറിനേം വഴക്ക് പറഞ്ഞു..

സ്വയസിദ്ധമായ പുഞ്ചിരിയോടെ ടീച്ചർ മുഴുവൻ കേട്ടു.. അവസാനം ടീച്ചർ ആ കുട്ടിയോട് ചോദിച്ചു "മോളേ, ആ പൈസ എവിടെ ? "
പാവം കുട്ടി കരഞ്ഞോണ്ട് പറഞ്ഞു "കളിക്കാൻ പോയപ്പോ കളഞ്ഞ് പോയി.. "

ടീച്ചർ പറഞ്ഞു " വിഷമിക്കേണ്ട മോള് ക്ലാസിലേക്ക് പൊക്കോട്ടോ.."
പക്ഷേ നമ്മടെ ചേട്ടന് ദേഷ്യം തീരുന്നില്ല..
വീണ്ടും എന്തെക്കയോ പറഞ്ഞോണ്ടിരുന്നു..
ടീച്ചർ ചേട്ടനോട് പറഞ്ഞു " അതേ, നിങ്ങൾ ആ പൈസ തരണ്ട..!! മോളെ വഴക്ക് പറയുകേയും വേണ്ട.. "
ചേട്ടൻ പിറുപിറുത്തോണ്ട് ഇറങ്ങി പോയി..
ടീച്ചർ അപ്പോഴും പുഞ്ചിരിച്ചോണ്ട് ഇരുന്നു..
എന്നിട്ട് ഞങ്ങളെ നോക്കി പറഞ്ഞു..

"സർക്കാർ സ്കൂളല്ലേ.. ഇതൊക്കെ സാധാരണമാ..!! "
സത്യത്തിൽ എനിക്ക് അത്ഭുതം തോന്നി അത്രയേറെ കുട്ടികൾ പഠിക്കുന്ന ഒരു സ്കൂൾ ഇത്ര പാവം ടീച്ചർ എങ്ങനെ നടത്തികൊണ്ട് പോകുന്നു എന്ന്.

പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിലായി അത് ടീച്ചറുടെ ശൈലിയാണ്..
എന്തിനേയും ഒരു ചെറുപുഞ്ചിരിയോടെ കൂളായി നേരിടുക..

ഹാ!! ഇങ്ങനേം ചിലരും ഉണ്ട് !

(മൂവാറ്റുപുഴ വാളകം ബ്രൈറ്റ് സ്കൂളിലെ "എന്റെ ക്യാബിനിൽ നിന്ന് ഇറങ്ങി പോ & stop your talking " എന്ന് ഒരു രക്ഷാകർത്താവിനോട് പറഞ്ഞ ആ ടീച്ചർടെ വീഡിയോ കണ്ടപ്പോ ഇത് ഒന്ന് എഴുതാൻ തോന്നി അത്രേ ഉള്ളൂ )