റിയാദ്: സൗദി അറേബ്യയിൽ ജോലിക്ക് ഹാജരാവാത്ത തൊഴിലാളികളെ ഇനി ഏകപക്ഷീയമായി പിരിച്ചുവിടാനാകില്ല. തൊഴിലാളിയെ ഒളിച്ചോട്ടക്കാരനാക്കി സ്പോൺസർഷിപ്പ് ഒഴിയുന്ന ഹുറൂബ് സംവിധാനം പരിഷ്കരിച്ച് തൊഴിൽ മന്ത്രാലയം ഉത്തരവായി.
ഇതനുസരിച്ച് തൊഴിലുടമയുടെ ഏകപക്ഷീയമായ നടപടിയായ ഹുറൂബിൽ ഇനി മുതൽ തൊഴിലാളിക്ക് വിയോജിപ്പ് രേഖപ്പെടുത്താം. ഇതോടെ നിബന്ധനകൾക്ക് വിധേയമായി മാത്രമേ ഇനി തൊഴിലുടമക്ക് തൊഴിലാളിയെ ഹുറൂബാക്കാനാകൂ.
സൗദിയില്‍ തൊഴിലാളി ഒളിച്ചോടിയാലോ ജോലിക്ക് ഹാജരാകാതിരുന്നാലോ അവരുടെ സ്പോൺസർഷിപ്പ് ഒഴിയുന്നതിന് മന്ത്രാലയം ഏർപ്പെടുത്തിയ സംവിധാനമാണ് ഹുറൂബാക്കൽ. ഇങ്ങനെ ചെയ്യുന്നതോടെ തൊഴിലാളിക്ക് പിന്നീട് സ്പോൺസറുണ്ടാകില്ല. പൊലീസിൽ കീഴടങ്ങുകയോ മറ്റൊരു സ്പോൺസർക്ക് കീഴിലേക്ക് നിലവിലെ സ്പോൺസറുടെ സഹായത്തോടെ മാറുകയോ ആണ് പിന്നീടുള്ള പോംവഴി.
സ്പോൺസറുടെ സ്ഥാപനത്തിന്റെ ഓൺലൈൻ പോർട്ടൽ വഴിയാണ് ഹുറൂബ് രേഖപ്പെടുത്തേണ്ടത്. ഇത് പ്രകാരം ഹുറൂബാക്കാനുള്ള മൂന്ന് പ്രധാന നിബന്ധനകൾ ഇവയാണ്. തൊഴിലാളി ജോലിയിൽ തുടരുന്ന ആളായിരിക്കണം, കമ്പനിക്കെതിരെ കേസ് ഉണ്ടായിരിക്കാൻ പാടില്ല, തൊഴിലാളിയുടെ ഇഖാമ കാലാവധിയുള്ളതോ അടുത്ത ദിവസങ്ങളിൽ മാത്രം കാലാവധി തീർന്നതോ ആയിരിക്കണം.
ഹുറൂബ് ഫയലിൽ സ്വീകരിച്ച ശേഷം വിയോജിപ്പ് രേഖപ്പെടുത്തിയില്ലെങ്കിൽ മാത്രമാണ് മന്ത്രാലയം അനന്തര നടപടികൾ സ്വീകരിക്കുക. ഹുറൂബ് രേഖപ്പെടുത്തിയാൽ തൊഴിലുടമക്കും തൊഴിലാളിക്കും മൊബൈൽ സന്ദേശം ലഭിക്കും. തൊഴിലാളി ജോലി ആരംഭിച്ച തിയതി, അവസാനിപ്പിച്ച തിയതി, അവസാനമായി ശമ്പളം കൈപ്പറ്റിയ തിയതി തുടങ്ങിയ വിവരങ്ങളും ഹുറൂബ് രേഖപ്പെടുത്തുന്നതിന് മുമ്പായി തൊഴിലുടമ നൽകണം.
തൊഴിലാളി വ്യക്തി വിവരങ്ങൾ നൽകി തൊഴിൽ മന്ത്രാലയത്തിന്റെ വ്യക്തി സേവനത്തിനുള്ള പോർട്ടൽ വഴിയാണ് വിയോജിപ്പ് രേഖപ്പെടുത്തേണ്ടത്. ഈ സന്ദർഭത്തിലും തൊഴിലുടമക്കും തൊഴിലാളിക്കും മൊബൈൽ സന്ദേശം ലഭിക്കുമെന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്.