കേരളത്തിലും സജീവമാകുന്ന ഗൃഹനിർമ്മാണ രീതിയാണ് പോർട്ടബിൾ ഹോമുകൾ. ആവശ്യാനുസരണം നിർമ്മിക്കാം, വേണ്ടെന്ന് തോന്നുമ്പോൾ പൊളിച്ചുകളയാം, സ്ഥലം മാറിപ്പോകുമ്പോൾ കൂടെ കൊണ്ടുപോകാനും കഴിയുന്ന വീടുകൾ... കരയിലും കടലിലുമായി സഞ്ചരിക്കുന്ന വീടുകൾ.. അതാണ് താത്കാലിക ഭവനങ്ങൾ അഥവാ പോർട്ടബിൾ ഹോംസ്.
ആവശ്യമനുസരിച്ച് വേഗത്തിൽ പണികഴിപ്പിക്കാനും ആവശ്യം കഴിയുമ്പോൾ ഒന്നും നഷ്ടപ്പെടാത്ത രീതിയിൽ പൊളിച്ചടുക്കാനും കഴിയുന്ന സാങ്കേതികതയാണ് ഇത്. ദേശീയഗെയിംസിനോട് അനുബന്ധിച്ച് നിർമ്മിച്ച ഗെയിംസ് വില്ലേജിൽ ഉപയോഗിച്ച ഫാബ്രിക്കേറ്റഡ് വീടുകളിൽ നിന്ന് കുറച്ചുകൂടി അഡ്വാൻസ്ഡായ നിർമ്മാണ രീതിയാണ് ഇത്.
ഈ വീടുകൾ നിങ്ങൾക്ക് സൗകര്യമനുസരിച്ച് മാറ്റം വരുത്താം. ഇഷ്ടപ്പെട്ട സ്ഥലത്ത് നിർമ്മിക്കാനുമാകും. കിടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം സാധിക്കുന്ന മൾട്ടിപർപ്പസ് ഹോം മെറ്റീരിയലുകളാണ് വീട് നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റംവരുത്തിയത്. വീടിനെ ബാഗിലുള്ളിലാക്കി സൂക്ഷിക്കാൻ കഴിയുന്ന സംവിധാനമാണിത്.
എങ്ങനെ നിർമ്മിക്കാം
ഒരു താത്കാലിക വീട് നിർമ്മിക്കാനുള്ള സാധനങ്ങളെല്ലാം ഒരു ബാഗിൽ ഉൾപ്പെടുത്താം. മൾട്ടി പർപ്പസ് ഉപകരണങ്ങളാണ് ഇത്. ഒരു ഫൗണ്ടേഷന്‍ മാത്രം മതിയാവും ഇത്തരം വീടുകൾ നിർമ്മിക്കാൻ. അഴിച്ചെടുക്കാൻ പറ്റുന്നതരത്തിലുള്ള ജി.ഐ ഷീറ്റുകൾ, പാർട്ടിക്കിൾ ബോർഡുകൾ തുടങ്ങി തുരുമ്പുപിടിക്കാത്ത മെറ്റീരിയലുകളാണ്ചുമരുകൾക്കായി ഉപയോഗിക്കുന്നത്. ഇവയ്ക്കനുയോജ്യമായി ലൈറ്റ് വെയ്റ്റ് മെറ്റീരിയലുകളാണ് റൂഫിംഗിനും ഉപയോഗിക്കുന്നത്. ഉപയോഗിച്ച വസ്തുക്കൾ തന്നെ വീണ്ടും ഉപയോഗിക്കാം എന്നതാണ് പോർട്ടബിള്‍ ഹോമിന്റെ പ്രത്യേകത.
കുറഞ്ഞ ചെലവില്‍ വീട് നിർമ്മിക്കുന്നവർക്ക് ഏറ്റവും ആശ്വാസകരമാണ് പോർട്ടബിൾ ഹോംസ്. കൂടാതെ ഭൂമികുലുക്കം, പ്രളയം, ചുഴലിക്കാറ്റ് എന്നിവ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിൽ ഇത്തരം വീടുകൾ കൂടുതൽ അപകടങ്ങളിൽ നിന്നും നാശനഷ്ടങ്ങളിൽ നിന്ന് ഒഴിവാക്കുന്നു. മികച്ച ഒരു ആർക്കിടെക്ടും പ്ലാനിംഗും ഉണ്ടെങ്കിൽ ഒരു സാധാരണ വീടിന്റെ സകല സൗകര്യങ്ങളോടെ ഇത്തരം വീടുകൾ നിങ്ങൾക്കും നിർമ്മിക്കാം.