അബുദാബി: ∙ ആഗോള കത്തോലിക്കാ സഭാ അദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ യു.എ.ഇ സന്ദർശനത്തിനായി അബുദാബിയിൽ എത്തി. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി മാർപാപ്പയെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം മാനവസാഹോദര്യ സംഗമത്തിൽ പങ്കെടുക്കുന്നതിനാണു മാർപാപ്പയുടെ സന്ദർശനം. ഈജിപ്തിലെ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ.അഹ്മദ് അൽ തയ്യിബ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.
മൂന്നുദിവസത്തെ യു.എ.ഇ സന്ദർശനത്തിനായാണ് റോമിൽനിന്നു പ്രത്യേക വിമാനത്തിൽ മാർപാപ്പ യു.എ.ഇയിലെത്തിയത്.
തിങ്കളാഴ്ച രാവിലെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഉന്നതതല സ്വീകരണം നൽകും. വൈകിട്ട് അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ മാർപാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാൻഡ് മോസ്കും പോപ്പ് സന്ദർശിക്കും. മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി അവിടെ മാർപാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ 10.30ന് അബുദാബി സയിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ മാർപാപ്പയുടെ ദിവ്യബലിയും പ്രസംഗവും.