കൊൽക്കത്ത: ബംഗാളിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അതേസമയം, ചിട്ടി തട്ടിപ്പ് അന്വേഷണത്തിന് എത്തിയ സി.ബി.ഐ സംഘത്തെ തടഞ്ഞ കൊൽക്കത്ത പൊലീസ് നടപടിക്കെതിരെ സി.ബി.ഐ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. ഇതുസംബന്ധിച്ച് ഗവർണർ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും വിശദീകരണം തേടി. കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സത്യഗ്രഹം തുടരുകയാണ്. മമതയെ പിന്തുണച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞതിൽ രാഷ്ട്രീയ പ്രേരിതമാണെന്ന് മമത ആരോപിച്ചു.
ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. ബി.ജെ.പി ബംഗാലിനെ തകർക്കാൻ ശ്രമിക്കുന്നു. ലോക‌്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ബി.ജെ.പിയുടെ നീക്കമെന്നും മമത കുറ്റപ്പെടുത്തി. 'ബംഗാൾ സർക്കാരിനെ പൂട്ടാൻ അവർ എന്തുവേണമെങ്കിലും ചെയ്യട്ടെ, ഞങ്ങൾക്ക് ഭയമില്ല. എന്തായാലും അത് നേരിടും. ചുണയുണ്ടെങ്കിൽ അവർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തട്ടെ. ഇത് ബംഗാളാണ്. ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ചവർക്കെതിരെ ബംഗാൾ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണെന്ന്' മമത നേരത്തെ വ്യക്തമാക്കിയിരുന്നു.
ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറുടെ മൊഴിയെടുക്കാന്‍ അനുമതി നേടിയ സി.ബി.ഐ ഇതിനായി കമ്മിഷണറുടെ ഔദ്യോഗികവസതിയിലെത്തിയപ്പോഴാണ് കൊൽക്കത്ത പൊലീസ് ഇവരെ തടഞ്ഞത്. കമ്മിഷണർ ഓഫീസിന് മുന്നിൽ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊൽക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥർ കൂടി കമ്മിഷണർ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്‌തു.
കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ആദ്യം വിവരം പ്രചരിച്ചിരുന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മമതാ ബാനർജി പിന്നീട് അറിയിച്ചു. കൊൽക്കത്തയിൽ പ്രതിപക്ഷകക്ഷികളുടെ സമ്മേളനം വിളിച്ചു ചേർത്തതിനാണ് സി.ബി.ഐയെ വച്ച് കേന്ദ്രസർക്കാരും ബി.ജെ.പിയും തന്നോട് പ്രതികാരം ചെയ്യുന്നതെന്ന് മമത മാദ്ധ്യമങ്ങളോട് പറഞ്ഞു.