ചങ്ങനാശ്ശേരി: നട്ടെല്ലുള്ള പ്രസ്ഥാനമാണ് എൻ.എസ്.എസെന്നും തങ്ങൾ പറഞ്ഞാൽ നായന്മാർ കേൾക്കുമോയെന്ന് കാണിച്ചു കൊടുക്കുമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ അയ്യപ്പ വിശ്വാസത്തിന്റെ കടയ്ക്കൽ കത്തിവച്ചു. ശബരിമല യുവതീ പ്രവേശനത്തിൽ എൻ.എസ്.എസ് നിലപാടിൽ ഉറച്ചു നിന്നു. വിധിയെ സ്വാഗതം ചെയ്തവർ പിന്നീട് വോട്ടു ബാങ്ക് നോക്കി എൻ.എസ്.എസിന്റെ നിലപാടിലേക്കെത്തി. എൻ.എസ്.എസിനെ നവോത്ഥാനം പഠിപ്പിക്കാൻ ഭരണത്തിലുള്ളവർ ശ്രമിക്കുകയാണ്. ഇവർ ജനിക്കുന്നതിനു മുമ്പ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണിത്. നവോത്ഥാനം കേരളത്തിൽ നടന്നിട്ടുണ്ടെങ്കിൽ അത് എൻ.എസ്.എസ് മുൻ കൈയെടുത്തിട്ടാണ്. കമ്മ്യൂണിസ്റ്റുകാർ കൂടുന്നിടത്തൊക്കെ നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്റെ ഛായാചിത്രം വയ്ക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
എസ്.എൻ.ഡി.പി യോഗം എൻ.എസ്.എസിനെക്കാളും പഴക്കമുള്ള, ചരിത്രമുള്ള പ്രസ്ഥാനമാണ്. ഇപ്പോൾ നയിക്കുന്നവരുടെ നയമാണ് പ്രശ്നം. അർഹതപ്പെടാത്ത ഒന്നും ആരിൽ നിന്നും സ്വീകരിച്ചിട്ടില്ല. ആരുടെയും കാലു പിടിക്കാനോ കൈനീട്ടാനോ പ്രക്ഷോഭത്തിനോ തയ്യാറാവാതെ സംവരണം നടപ്പാക്കാൻ കഴിഞ്ഞത് ബുദ്ധിയും യുക്തിയും കൊണ്ടാണ്.
യുവതീപ്രവേശനത്തിൽ 6ന് കോടതി വിസ്താരം നടക്കുമ്പോൾ എല്ലാ ഹൈന്ദവ വിശ്വാസികളും അടുത്തുള്ള ക്ഷേത്രങ്ങളിൽ യഥാശക്തി വഴിപാട് നടത്തണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു.