ചെന്നൈ: നടി ഭാനുപ്രിയയുടെ ചെന്നൈയിലെ വസതിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കൂടി കണ്ടെത്തി. വീട്ടുജോലിക്ക് നിർത്തിയ പെൺകുട്ടിക്ക് ശമ്പളത്തുക നൽകുന്നില്ലെന്നും കുടുംബത്തെ കാണാൻ അനുവദിക്കുന്നില്ലെന്നും കാണിച്ച് ഒരു പെൺകുട്ടിയുടെ അമ്മ നേരത്തേ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ (എൺ.സി.പി.ആർ) നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് നടിയുടെ വീട്ടിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കൂടി കണ്ടെത്തിയത്. തങ്ങൾ ലൈംഗികമായി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.
ബാലാവകാശ പ്രവർത്തകനായ അച്യുത റാവു ദേശീയ,സംസ്ഥാന ബാലാവകാശ കമ്മീഷന് സമർപ്പിച്ച കത്തിനെ തുടർന്നായിരുന്നു നടിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ബാലവേല ചെയ്യിപ്പിച്ചതിന് നടിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം എൻ.സി.പി.ആറിനോട് ആവശ്യപ്പെട്ടിരുന്നു.
ആന്ധ്രാപ്രദേശിൽ നിന്ന് നടിയുടെ ചെന്നൈയിലെ വീട്ടിലേക്ക് പെൺകുട്ടികളെ എത്തിച്ചത് ഒരേ ഏജന്റാണെങ്കിൽ ഇത് മനുഷ്യക്കടത്താണെന്നും അദ്ദേഹം കത്തിൽ പറയുന്നു. ഇവർ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടിയും പരാതിപ്പെട്ട പെൺകുട്ടിയുടെ അമ്മയും സംഭവത്തിൽ ഒരുപോലെ തെറ്റുകാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതിപ്പെട്ട പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച പരാതിയിൽ പെൺകുട്ടിക്ക് പതിനഞ്ച് വയസാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പെൺകുട്ടിക്ക് 18വയസ്സ് ഉള്ളതായി അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കൂടാതെ നടിയുടെ സഹോദരൻ പെൺകുട്ടിയെ പീഡിപ്പിച്ചെന്നും മകളെ കാണാൻ വീട്ടിലെത്തിയപ്പോൾ തങ്ങളെ വിരട്ടിയോടിച്ചെന്നും പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പറയുന്നു. അതേസമയം പെൺകുട്ടി വീട്ടിൽ നിന്ന് മോഷണം നടത്തിയെന്നാരോപിച്ച് നടി പൊലീസിൽ പരാതിപ്പെട്ടിരുന്നു. തന്നെ അപമാനിക്കാനായി പെൺകുട്ടിയുടെ അമ്മ മനപ്പൂർവ്വം കെട്ടിചമച്ചതാണ് പരാതിയെന്നും നടി നേരത്തേ പറഞ്ഞിരുന്നു. നടിക്കെതിരെയും സഹോദരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.