തിരുവനന്തപുരം: ഉടൻ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ബി.ജെ.പി സ്ഥാനാർത്ഥിയായി മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, പാർട്ടി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, നടൻ മോഹൻലാൽ എന്നിവരിലൊരാൾ എത്തുമെന്ന് വിവരം. ഇതിലൊരാൾ സ്ഥാനാർത്ഥിയാകണമെന്ന നിർദ്ദേശമാണ് ആർ.എസ്.എസ് മുന്നോട്ട് വച്ചതെന്നാണ് സൂചന. ഈ പേരുകളിൽ കൂടുതൽ ജയസാധ്യത അറിയാൻ ആർ.എസ്.എസ് നേതൃത്വം ജനാഭിപ്രായം തേടുകയാണിപ്പോൾ. നിർണായക തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലത്തിൽ ആരെ സ്ഥാനാർത്ഥിയാക്കിയാൽ നേട്ടമുണ്ടാക്കാനാകുമെന്നാണ് പ്രധാനമായും തിരയുന്നത്. വിചാര കേന്ദ്രം അടങ്ങുന്ന ആർ.എസ്.എസ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് മണ്ഡലത്തിൽ സർവേ പുരോഗമിക്കുന്നത്. ശശി തരൂരിനെ പോലൊരു ശക്തനായ സ്ഥാനാർത്ഥിയെ നേരിടണമെങ്കിൽ ഇവരിൽ ആരെങ്കിലും തന്നെ വേണമെന്നാണ് പാർട്ടിയിലെ പൊതുധാരണ.
നേരത്തെ ആർ.എസ്.എസ് കേരളത്തിൽ നടത്തിയ സർവേയിൽ എല്ലാ മണ്ഡലത്തിലും മത്സരിപ്പിക്കാൻ കഴിയുന്ന സ്ഥാനാർത്ഥി പാർട്ടി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനാണെന്ന് കണ്ടെത്തിയിരുന്നു. ശബരിമല വിഷയത്തിൽ നേരിട്ട് ഇടപെട്ടതും ജയിൽവാസം അനുഭവിച്ചതും അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിച്ചതായാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. മിസോറാം ഗവർണർ കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യത്തിലും പാർട്ടിയിൽ ചർച്ച പുരോഗമിക്കുകയാണെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിലപാട് നിർണായകമാണ്.
അതേസമയം, സൂപ്പർ സ്‌റ്റാർ മോഹൻലാൽ ബി.ജെ.പിക്ക് വേണ്ടി തിരുവനന്തപുരത്ത് മത്സരിക്കാൻ ഇറങ്ങുമെന്ന സൂചനകളും കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. താരം മത്സരിക്കാൻ ഇറങ്ങിയാൽ വിജയം സുനിശ്ചിതമാണെന്നാണ് ആർ.എസ്.എസ് കണക്കുകൂട്ടൽ. അതിനാൽ തന്നെ ഏത് വിധേനയും താരത്തിനെ കളത്തിൽ ഇറക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ ഒരു പ്രത്യേക പാർട്ടിയുടെ ലേബലിൽ അറിയപ്പെടാൻ താത്പര്യമില്ലെന്നാണ് ലാലിന്റെ നിലപാട്. ഇക്കാര്യം പരിഗണിച്ച് ഒരു ജനകീയ മുന്നണി രൂപീകരിച്ച് ലാലിനെ സ്ഥാനാർത്ഥിയാക്കുമെന്നും പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലാലുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ എം.എൽ.എയും സ്ഥിരീകരിച്ചിട്ടുണ്ട്.