കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ നിന്നും പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരുടെ ഹർജി കോടതി തള്ളി. പി.എസ്.സി അഡ്വെെസ് മെമോ കിട്ടിയവരുടെ അപ്പീൽ അനുവദിച്ചു. പി.എസ്.സി കിട്ടിയവരുടെ നിയമനം വൈകിപ്പോയതിനെ കോടതി രൂക്ഷമായി വിമർശിച്ചു. എംപാനൽ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സി വ്യാജ പ്രതീക്ഷ നൽകിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. ഈ ഹർജിയിലാണ് താൽകാലികക്കാരെ ഒഴിവാക്കി, പി.എസ്.സി പരീക്ഷ ജയിച്ചവർക്ക് ജോലി നൽകണമെന്ന് ഇടക്കാല വിധി വന്നത്.
കോടതി ഉത്തരവിനെത്തുടർന്ന് നിയമന ഉത്തരവു ലഭിച്ചവരിൽ 1500-ഓളം പേരാണ് ഇതുവരെ ജോലിയിൽ പ്രവേശിച്ചത്. ജോയിൻ ചെയ്യാനുള്ള 45 ദിവസത്തെ സാവകാശം ഇന്നലെ അവസാനിച്ചിരുന്നു. ജോലി നഷ്‌ടമായ 3861 എംപാനലുകകാർക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യം നേരത്തേ സർക്കാർ പരിഗണിച്ചിരുന്നു. പി.എസ്.സി നിയമനം പൂർത്തിയായ ശേഷം ബാക്കിയാകുന്ന തസ്തികളിലാണ് ഈ ക്രമീകരണം ഉദ്ദേശിക്കുന്നത്. അതനുസരിച്ച് കണ്ടക്ടർമാരിൽ നിന്ന് നേരിട്ടു വിവരം സ്വീകരിക്കാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.
480 രൂപ ദിവസവേതനാടിസ്ഥാനത്തിൽ എംപാനലുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിർബന്ധിത തൊഴിലെടിപ്പിക്കൽ ആണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി പത്തു വർഷത്തിൽ കുറവ് സർവീസ് ഉള്ള മുഴുവൻ എംപാനൽ ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയിരുന്നു. ഇങ്ങനെ വരുന്ന ഒഴിവുകളിലേക്ക് പി.എസ്.സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താനും കെ.എസ്.ആർ.ടി സിയോട് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ഉത്തരവിന് അടിസ്ഥാനത്തിൽ 1421 പേർ ജോലിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ കേസിൽ കക്ഷിചേരാൻ എംപാനൽ ജീവനക്കാരെയും ഹൈക്കോടതി അനുവദിച്ചിരുന്നു.