തിരുവനന്തപുരം: മേയിൽ നടക്കുമെന്ന് കരുതുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ നടൻ മോഹൻലാൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ സജീവമാണ്. സ്ഥാനാർത്ഥിയാക്കാൻ തങ്ങൾ താരത്തിനോട് ചർച്ച നടത്തുന്നുണ്ടെന്ന് ബി.ജെ.പി നേതാക്കളും സമ്മതിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒടുവിൽ താരം തന്നെ മനസ് തുറക്കുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയം തനിക്ക് ചേർന്ന സംഗതിയല്ലെന്നാണ് മോഹൻലാലിന്റെ മറുപടി. ഒരു സിനിമാ താരമായി തുടരാനാണ് തനിക്ക് ആഗ്രഹം. ഈ ജോലിയിൽ നിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ നമുക്ക് ധാരാളം പേരെ ആശ്രയിക്കേണ്ടി വരും. ഇത് ഒരിക്കലും എളുപ്പമാകില്ല. മാത്രവുമല്ല രാഷ്ട്രീയം തനിക്ക് അറിയാവുന്ന കാര്യവുമല്ല രാഷ്ട്രീയം. അതുകൊണ്ട് ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലാണ് താരം.
അടുത്തിടെ കേന്ദ്രസർക്കാർ മോഹൻലാലിന് പത്മ പുരസ്‌ക്കാരം നൽകി ആദരിച്ചിരുന്നു. ഇത് താരത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. സമീപകാലത്ത് പുറത്തിറങ്ങിയ ചില ചിത്രങ്ങളിൽ താരം രാഷ്ട്രീയക്കാരനായി അഭിനയിച്ചതും ഈ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ താൻ ഒരുതരത്തിലുള്ള രാഷ്ട്രീയ ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് താരം പറയുന്നു. സിനിമകളിൽ രാഷ്ട്രീയം ചർച്ച ചെയ്യുന്നുണ്ടെങ്കിലും തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.