കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ജനപ്രിയ പ്രഖ്യാപനങ്ങൾ വാരിനിറച്ചാണ് കേന്ദ്രസർക്കാർ ഇടക്കാല ബഡ്ജറ്ര് അവതരിപ്പിച്ചത്. അഞ്ചുലക്ഷം രൂപവരെ നികുതിയധിഷ്ഠിത വരുമാനമുള്ളവരുടെ ആദായ നികുതി പൂർണമായി ഒഴിവാക്കി. ഇടത്തരം കർഷകർക്ക് 6,000 രൂപ പ്രതിവർഷം നൽകാനും പദ്ധതിയുണ്ട്.
ജനങ്ങളുടെ കൈയിൽ കാശ് വൻതോതിൽ എത്തുന്ന പദ്ധതികളാണിവ. കീശയിൽ കാശ് നിറയുന്തോറും ഉപഭോഗവും വർദ്ധിക്കും. ഇത് സമ്പദ്വളർച്ചയ്ക്കും ഉണർവാകും. അതേസമയം, വിപണിയിലേക്ക് വൻതോതിൽ പണമൊഴുകുന്നത് നാണയപ്പെരുപ്പം വർദ്ധിക്കാനിടയാക്കുമെന്നതും ഓർക്കണം. ഈ സാഹചര്യത്തിൽ, ഈമാസം ഏഴിന് പ്രഖ്യാപിക്കുന്ന ധനനയത്തിൽ മുഖ്യ പലിശനിരക്കുകൾ താഴ്ത്താൻ റിസർവ് ബാങ്ക് തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ബഡ്ജറ്രിന് മുമ്പുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ പലിശഭാരം കുറയുന്നതിന് അനുകൂലമാണ് സാഹചര്യം. മുഖ്യ പലിശനിരക്ക് പരിഷ്കരണത്തിന് റിസർവ് ബാങ്ക് പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ഡിസംബറിൽ വെറും 2.19 ശതമാനമാണ്. 18 മാസത്തെ താഴ്ചയാണിത്. നാണയപ്പെരുപ്പം നാല് ശതമാനത്തിനുമേൽ എത്തുമ്പോൾ മാത്രമാണ് ആശങ്കപ്പെടേണ്ടതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതു പരിഗണിച്ചാൽ പലിശഭാരം കുറയുക തന്നെ വേണം.
എന്നാൽ, ആദായ നികുതിയിളവും കർഷക പ്രിയ പദ്ധതികളും വരുംമാസങ്ങളിൽ നാണയപ്പെരുപ്പത്തെ ഉയരത്തിലേക്ക് നയിച്ചേക്കുമെന്ന വിലയിരുത്തലുകളുണ്ട്. ക്രൂഡോയിൽ വില വീണ്ടും ഉയരുന്നതും തിരിച്ചടിയാണ്. മാത്രമല്ല, ധനക്കമ്മി നിയന്ത്രണ ലക്ഷ്യം കേന്ദ്രസർക്കാർ ജി.ഡി.പിയുടെ 3.3 ശതമാനത്തിൽ നിന്ന് 3.4 ശതമാനത്തിലേക്ക് ഉയർത്തിയതും റിസർവ് ബാങ്കിനെ സ്വാധീനിച്ചേക്കും. ഫലത്തിൽ, ഏഴിലെ ധനനയത്തിൽ റിസർവ് ബാങ്ക് പലിശ നിലനിറുത്താനും സാദ്ധ്യതയുണ്ട്.