supreme-court-mamata-bana

ന്യൂഡൽഹി: ചിട്ടി തട്ടിപ്പ് അന്വേഷണത്തിന് എത്തിയ സി.ബി.ഐ സംഘത്തെ തടഞ്ഞ കൊൽക്കത്ത പൊലീസ് നടപടിക്കെതിരെ സി.ബി.ഐ സമർപ്പിച്ച ഹർജി നാളെ 10.30ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. കേസ് അടിയന്തരമായി പരിഗണിക്കമെന്ന സി.ബി.ഐയുടെ ആവശ്യം തള്ളികൊണ്ടാണ് ചീഫ് ജസ്‌റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. തെളിവ് ഹാജരാക്കിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടതി അറിയിച്ചു. തെളിവുകൾ നശിപ്പിക്കാൻ സർക്കാർ ശ്രമിച്ചാൽ ഇടപെടുമെന്നും കോടതി അറിയിച്ചു.

കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പൊലീസ് തടഞ്ഞതിനെ തുടർന്നാണ് പുതിയ സംഭവവികാസങ്ങളുണ്ടായത്. ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറുടെ മൊഴിയെടുക്കാൻ അനുമതി നേടിയ സി.ബി.ഐ ഇതിനായി കമ്മിഷണറുടെ ഔദ്യോഗികവസതിയിലെത്തിയപ്പോഴാണ് കൊൽക്കത്ത പൊലീസ് ഇവരെ തടഞ്ഞത്. കമ്മിഷണർ ഓഫീസിന് മുന്നിൽ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊൽക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥർ കൂടി കമ്മിഷണർ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തതായും ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അഭ്യൂഹങ്ങൾ പടർന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും മമതാ ബാനർജി പിന്നീട് അറിയിച്ചു. കൊൽക്കത്തയിൽ പ്രതിപക്ഷകക്ഷികളുടെ സമ്മേളനം വിളിച്ചു ചേർത്തതിനാണ് സി.ബി.ഐയെ വച്ച് കേന്ദ്രസർക്കാരും ബി.ജെ.പിയും തന്നോട് പ്രതികാരം ചെയ്യുന്നതെന്ന് മമത മാദ്ധ്യമങ്ങളോട് പറഞ്ഞു.