smriti-irani

മുംബയ്: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രീയത്തിൽ നിന്ന് കളമൊഴിയുമ്പോൾ താനും പിന്മാറുമെന്ന് കേന്ദ്ര ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി സമൃതി ഇറാനി. പൂനെയിൽ വേർഡ് കൊണ്ട് ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

എപ്പോഴാണ് സ്‌മൃതിയെ പ്രധാന സേവകായി (പ്രധാനമന്ത്രി)​യായി കാണാൻ സാധിക്കുക എന്ന് കാണികൾ ചോദിച്ചിരുന്നു. ഒരിക്കലുമില്ല,​ ഞാൻ രാഷ്ട്രീയത്തിൽ എത്തിയത് നേതാവാകാനല്ല. മികച്ച നേതാക്കന്മാരുടെ കീഴിൽ ജോലി ചെയ്യാനാണ്. മുൻപ് അടൽബിഹാരി വാജ്പേയ്ക്കൊപ്പവും ഇപ്പോൾ നരേന്ദ്രമോദിക്ക് കീഴിലും പ്രവർത്തിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും അവർ പറഞ്ഞു.

'എന്നാണോ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത് ആ ദിവസം ഞാൻ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്നും' അവർ വ്യക്തമാക്കി.

'നിങ്ങൾ കരുതുന്നുണ്ടാകും മോദി അധിക കാലം പ്രധാനമന്ത്രി സ്ഥാനം തുടരില്ലെന്ന്, എന്നാൽ ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഇനിയും നിരവധി വർഷങ്ങൾ സജീവമായി തന്നെ ഉണ്ടാകും'- സ്മൃതി പറഞ്ഞു.

മോദിയല്ലാതെ മറ്റാരുടെ കീഴിലാണ് ജോലി ചെയ്യാൻ താല്പര്യമെന്ന് വീണ്ടും ചോദ്യം ഉയർന്നപ്പോൾ നിതിൻ ഗഡ്കരിക്കും രാജ്നാഥ് സിംഗിനും കീഴിലാണല്ലോ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും സ്‌മൃതി മറുപടി പറഞ്ഞു. സ്ത്രീകളിൽ ആരാധന തോന്നിയത് സുഷമാ സ്വരാജിനോടും സുമിത്രാ മഹാജനോടുമാണെന്നും അവർ കൂട്ടിചേർത്തു. പ്രമുഖ മാദ്ധ്യമപ്രവർത്തകരുടെയും പ്രതിപക്ഷ നേതാക്കന്മാരുടെയും ട്രോളുകൾക്കും താൻ ഇരയായിട്ടുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തീരുമാനം അനുസരിച്ചായിരിക്കും താൻ പ്രവർത്തിക്കുന്നതെന്നും സ്‌മൃതി ഇറാനി സദസ്സിനോട് പറഞ്ഞു.