google-removes-26-apps-fr

ഫോട്ടോയെടുക്കുമ്പോൾ സൗന്ദര്യം ഉള്ളവരായി തോന്നാൻ പല വിധത്തിലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ഇപ്പോൾ പുറത്തിറങ്ങുന്ന പല മൊബൈൽ ഫോണിലെയും കാമറയിൽ ബ്യൂട്ടിഫിക്കേഷൻ എന്ന ഓപ്‌ഷൻ ഉണ്ടെങ്കിലും ഇതൊന്നും മതിയാകാതെ മറ്റ് ആപ്പുകൾ തിരക്കിപ്പോകുന്നവർ ശരിക്കും ചെന്നെത്തുന്നത് ചതിക്കുഴികളിലാണെന്ന് അമേരിക്കൻ സൈബർ സുരക്ഷാ വിദഗ്‌ദ്ധർ പറയുന്നു. ഇത്തരം ആപ്പുകൾ ഉപഭോക്താക്കളുടെ നഗ്നചിത്രങ്ങൾ വരെ ചോർത്തിയേക്കാം. മാത്രവുമല്ല ഉപഭോക്താവിന്റെ സമ്മതമില്ലാതെ അയാളുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങൾ എത്തിക്കുന്നതിനും ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ ഉപഭോക്താവിന് ദോഷകരമാണെന്ന് കണ്ടെത്തിയ 29 ബ്യൂട്ടി കാമറ ആപ്പുകളാണ് ഗൂഗിൾ അടുത്തിടെ പ്ലേ സ്‌റ്റോറിൽ നിന്നും ഡിലീറ്റ് ചെയ്‌തത്.

ഡീലിറ്റ് ചെയ്യപ്പെട്ട ആപ്പുകളിൽ ചിലത് 10 ലക്ഷത്തിൽ പരം ആളുകൾ ഇതിനോടകം തന്നെ ഡൗൺലോഡ് ചെയ്‌തിട്ടുമുണ്ട്.ഇതിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നുള്ളതാണെന്ന കാര്യം ആശങ്കാജനകമാണെന്നും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രെൻഡ് മൈക്രോ എന്ന സൈബർ സുരക്ഷാ സ്ഥാപനം പറയുന്നു. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ അപകടം മനസിലാകില്ലെന്നും ഇവർ പറയുന്നു. ആപ്പിലെ ഒരു പോപ്പ് അപ്പിൽ ക്ലിക്ക് ചെയ്യുമ്പോൾ പണം കൊടുത്ത് മാത്രം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു അശ്ലീല വീഡിയോ പ്ലെയർ ഡൗൺലോഡ് ആകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില ഫിഷിംഗ് വെബ്‌സൈറ്റുകളിലേക്കും ആപ്പ് ഉപഭോക്താക്കളെ നയിക്കുന്നുണ്ട്.ചില ആപ്പുകൾ അൺഇൻസ്‌റ്റാൾ ചെയ്യാൻ പോലും കഴിയാത്ത രീതിയിൽ മൊബൈൽ ഫോൺ സെറ്റിംഗ്‌സിൽ മാറ്റങ്ങൾ വരുത്തും. പുറത്ത് നിന്നുള്ള ഒരു സെക്യൂരിറ്റി ആപ്ലിക്കേഷൻ ഉപയോഗിച്ച് ഈ ആപ്പുകളെ പരിശോധിക്കാൻ പോലും കഴിയില്ലെന്നും ട്രെൻഡ് മൈക്രോ വിശദീകരിക്കുന്നു.